
സ്ത്രീകൾക്ക് നേരെ ലൈംഗീകാതിക്രമണം, കണ്ടാണശ്ശേരി സ്വദേശി അറസ്റ്റിൽ

ഗുരുവായൂര്‍: ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചൊവല്ലൂര്‍ കണ്ടാണശ്ശേരി ഭാഗങ്ങളില്‍ സ്ത്രീകളെ നിരന്തരം ശല്യം ചെയ്യുകയും, ലൈംഗികാതിക്രമത്തിന് ഇരാക്കുകയും ചെയ്ത പ്രതിയെ ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു. ചൊവല്ലൂര്‍ കണ്ടാണശ്ശേരി സ്വദേശി കിഴക്കേകുളം വീട്ടില്‍ അബ്ദുല്‍ വഹാബിനേ (49) ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ സി. പ്രേമാനന്ദകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: ജി. അജയകുമാറും സംഘവും അറസ്റ്റുചെയ്തത്.


ഗുരുവായൂരില്‍ ഓട്ടോ ഡ്രൈവറായ പ്രതി കണ്ടാണശ്ശേരി ചൊവല്ലൂര്‍പടി പ്രദേശം കേന്ദ്രീകരിച്ചു സ്‌കൂട്ടറില്‍ സഞ്ചരിച്ചു രാത്രി സമയങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും, സ്‌ക്കൂള്‍ പഠനത്തിനുശേഷം ട്യൂഷന്‍ കഴിഞ്ഞുവരുന്ന വിദ്യാര്‍ത്ഥിനികള്‍ക്കും നേരേയാണ് പ്രതി ലൈംഗികാതിക്രമം നടത്തുന്നുന്നത്. അമ്പതോളം സി.സി.ടി.വി ദൃശ്യങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് പ്രതിയെ പോലീസ് പിടികൂടിയത്.

ലൈംഗികാതിക്രമത്തിനായി പ്രതി ഉപയോഗിച്ചിരുന്ന സ്‌ക്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ പിടികൂടിയ സംഘത്തില്‍ ഗുരുവായൂര്‍ എസ്.ഐമാരായ അജയന്‍, മഹേഷ്, സുനില്‍, സി.പി.ഓമാരായ ജോസ്, ജോമോന്‍ എന്നിവരും ഉണ്ടായിരുന്നു. ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
