
ലഹരിവിരുദ്ധ ദിനാചരണവും, വേൾഡ് കപ്പ് റാലിയും.

ചാവക്കാട് : ലഹരിക്കെതിരായ പോരാട്ടത്തിൽ യുവതലമുറയെ അണിനിരത്തി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണവും വേൾഡ് കപ്പ് റാലിയും സംഘടിപ്പിച്ചു. ജിഎച്ച്എസ്എസ് മണത്തലയിലെ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്.
ലഹരിയുടെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം ലക്ഷ്യമിട്ട് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. യതീന്ദ്രദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജിഎച്ച്എസ്എസ് മണത്തല പ്രധാനാധ്യാപിക ജയലക്ഷ്മി സ്വാഗതം ആശംസിച്ചു.
ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളുമായി മണത്തല സ്കൂളിലെ വിദ്യാർത്ഥികളാണ് വേൾഡ് കപ്പ് റാലിയിൽ അണിനിരന്നത്. നഗരസഭ കൗൺസിലർമാരായ മുഹമ്മദ് ആരിഫ്, മുഹമ്മദ് ആസിഫ്, പി.ഐ. വിശ്വംഭരൻ, കെ.വി. സന്തോഷ്, തനൂജ ഷാഫി എന്നിവർ സംസാരിച്ചു. ജിഎച്ച്എസ്എസ് മണത്തല പിടിഎ പ്രസിഡണ്ടും ചാവക്കാട് നഗരസഭ മുൻ വൈസ് ചെയർപേഴ്സനുമായ കെ.കെ. മുബാറക് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
