കുതിരാന്‍ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്ന് നിർമാണ കമ്പനി
തൃശ്ശൂർ: കുതിരാന്‍ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്ന് തുരങ്കം 95 ശതമാനവും നിര്‍മ്മിച്ച കരാര്‍ കമ്ബനിയായ പ്രഗതി കണ്‍സ്ട്രക്ഷന്‍സ്. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചില്‍ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ല. തുരങ്കത്തിന് മേലെ കൂടുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഉണ്ടാവുക വന്‍ ദുരന്തമായിരിക്കുമെന്ന് കമ്ബനി വക്തവ് മുന്നറിയിപ്പ് നല്‍കി. തുരങ്കത്തില്‍ കൂടി യാത്ര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സര്‍ക്കാറിന് തലവേദനയായി കമ്ബനിയുടെ പുതിയ വെളിപ്പെടുത്തല്‍.
തുരങ്കത്തിന് ഉള്ളില്‍ സുരക്ഷയുണ്ട്.പക്ഷെ യാത്ര അനുവദിക്കാന്‍ അത് മാത്രം പോര.ഇപ്പോള്‍ നടക്കുന്നത് മിനുക്കല്‍ നടപടി മാത്രമാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ ദുരന്തസാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. തുരങ്കത്തിന് പുറത്ത് ക്യാച്ച് വാട്ടര്‍ ഡ്രൈനേജ് സിസ്റ്റം നടപ്പാക്കണം. മുകളില്‍ നിന്നുള്ള മണ്ണ്, പാറ, മരങ്ങള്‍ എന്നിവ വീഴാന്‍ സാധ്യയുണ്ട്. മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷ ഉറപ്പാക്കണമെന്നും പ്രഗതിയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
ഓഗസ്റ്റ് ഒന്നിന്ന് തുരങ്കം തുറക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് അധികൃതര്‍ മുന്നോട്ട് പോവുന്നതിനിടെയാണ് പുതിയ പ്രതികരണം പുറത്ത് വരുന്നത്. പ്രവേശന കവാടത്തിനു മുകളിലെ മണ്ണും പാറയും സുരക്ഷിതമാക്കുകയാണ് ബാക്കിയുള്ള പ്രധാന ജോലി. മഴ അവസാനിച്ച ശേഷമേ ഇതു ചെയ്യാനാകൂ. എന്നാണ് നിലവിലെ അവസ്ഥ. എന്നാല്‍ ഇതിന് മുന്‍പ് തുരങ്കം തുറന്നാല്‍ അപകട സാധ്യത കൂടുതലാണെന്നാണ് ഇപ്പോഴത്തെ പ്രതികരണം. മുന്‍പ് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ആ സമയത്ത് മുന്ന് ദിവസമാണ് മണ്ണ് നീക്കാന്‍ മാത്രം എടുത്തത്. ഗതാഗതത്തിന് തുറന്ന് നല്‍കിയാല്‍ ഇതിനേക്കാള്‍ പതിന്മടങ്ങ് അപകട സാധ്യത നിലനില്‍ക്കുന്ന എന്നാണ് പുതിയ വെളിപ്പെടുത്തല്‍.
നോണ്‍ ടെക്നിക്കല്‍ കമ്ബനിയാണ് നിലവിലെ പണികള്‍ ചെയ്യുന്ന കെഎംസി. സാമ്ബത്തിക പ്രതിസന്ധിമൂലമാണ് പ്രഗതി പദ്ധതിയില്‍ നിന്നും പിന്മാറിയത്. കരാറില്‍ നിന്ന് മാറ്റി നിര്‍ത്തിയ കമ്ബനി എന്ന നിലയില്‍ സര്‍ക്കാറുമായി ബന്ധപ്പെടാന്‍ തടസമുണ്ടെന്നും പ്രഗതിയുടെ പ്രതിനിധി പറഞ്ഞു.എങ്കിലും കുതിരാനില്‍ സുരക്ഷ ഉറപ്പാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമാക്കി കെഎംസിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പ്രതിനിധി വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം കുതിരാന്‍ തുരങ്കപാതയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം നടത്തിയ സുരക്ഷാ പരിശോധന വിജയമായിരുന്നു. ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കറിന്റെ നേതൃത്വത്തില്‍ ട്രയല്‍റണ്‍ നടത്തിയത്. തുരങ്കപാതയിലെ ഫയര്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ച് നോക്കിയത് തൃപ്തികരമെണെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. അവസാനവട്ട പരിശോധന രണ്ടുദിവസത്തിനകം നടക്കും.
ഓരോ 50 മീറ്റര്‍ ഇടവിട്ട് തുരങ്കപാതയില്‍ ഫയര്‍ ഹൈഡ്രന്റ് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ഡീസല്‍ പമ്ബും രണ്ട് ഇലക്‌ട്രിക്കല്‍ പമ്ബുകളുമുണ്ട്. രണ്ടു ലക്ഷം ലിറ്ററിന്റെ വെള്ളടാങ്ക് തുരങ്കത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. അപകടമുണ്ടായാല്‍ അഗ്‌നി രക്ഷാസേന വരുന്നതിന് മുന്നേതന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനാകും. തുരങ്കപാതയുടെ പലയിടത്തായി ഹോസ് റീലുകള്‍ സ്ഥാപിച്ചശേഷം, രണ്ട് ദിവസത്തിനകം ഫയര്‍ ആന്‍ഡ് സേഫ്റ്റി അന്തിമ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും.
നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് ഒന്നിന് കുതിരാനിലെ ഇരട്ട തുരങ്കപാതയില്‍ ഒന്ന് തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രി പി എം മുഹമ്മദ് റിയാസിന്റെയും ജില്ലയിലെ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു, കെ രാജന്‍, മറ്റു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്തും തൃശൂരിലും യോഗങ്ങള്‍ ചേര്‍ന്ന് നടപടി വേഗത്തിലാക്കി. മൂന്നാഴ്ചയ്ക്കകം മന്ത്രി പി എം മുഹമ്മദ് റിയാസ് മൂന്നുതവണ കുതിരാനില്‍ നേരിട്ടെത്തി നിര്‍മ്മാണ പുരോഗതി വിലയിരുത്തി.പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായ നിലക്ക് സര്‍ക്കാറിന്റെ തീരുമാനം എന്താകുമെന്നാണ് ഇനി അറിയേണ്ടത്.ഓഗസ്റ്റ് ആദ്യവാരം തന്നെ തുരങ്കത്തിലൂടെ ഗതാഗതം അനുവദിച്ചേക്കുമെന്നാണ് നിലവിലെ സൂചനകള്‍