കാത്തിരിപ്പിനൊടുവിൽ കുതിരാൻ തുരങ്ക പാത തുറന്നു
തൃശ്ശൂർ: കാത്തിരിപ്പിനൊടുവിൽ കുതിരാൻ തുരങ്ക പാത ഭാഗീകമായി തുറന്നു. തൃശ്ശൂർ – പാലക്കാട് പാതയിലെ കുതിരൻ മല തുരന്നുണ്ടാക്കിയ ഇരട്ടതുരങ്കളിലൊന്നാണ് രാത്രി എട്ട് മണിയോടെ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. അഞ്ച് മണിക്ക് ടണൽ തുറക്കും എന്നായിരുന്നു ആദ്യം വന്ന അറിയിപ്പ്. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്കമാണ് ഇന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നത്. തൃശ്ശൂർ – പാലക്കാട് റൂട്ടിലെ തുരങ്കം കൂടി ഗതാഗതയോഗ്യമാക്കിയാൽ മാത്രമേ ഇരട്ടതുരങ്കത്തിൻ്റെ ഗുണം പൂർണമായും ജനങ്ങൾക്ക് ലഭിക്കൂ.
കുതിരാൻ സുരക്ഷാപരിശോധനകളും മറ്റു നടപടികളും കഴിഞ്ഞ ആഴ്ച അഗ്നിരക്ഷാസേന പൂർത്തിയാക്കുകയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് തുരങ്കം തുറക്കാനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിൻ്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. അടുത്ത ആഴ്ചയോടെ മാത്രമേ കേന്ദ്രാനുമതി ലഭിക്കൂ എന്നാണ് കരുതിയതെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിക്കുകയും തുരങ്കം ഗതാഗതത്തിന് തുറക്കാൻ പെട്ടെന്ന് അനുമതി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തുരങ്കം ഗതാഗതത്തിന് തുറക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറ്റതിന് പിന്നാലെ ചേർന്ന ഉന്നതതലയോഗത്തിൽ കുതിരാൻ തുരങ്കം അടിയന്തരമായി തുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചിരുന്നു. പൊതുമാരമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എല്ലാ ആഴ്ചയും തുരങ്ക നിർമ്മാണത്തിൻ്റെ പുരോഗതി വിലയിരുത്തിയിരുന്നു. ആഗസ്റ്റ് ഒന്നിന് തുരങ്കം ഗതാഗതത്തിനായി തുറക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥർ.
തൃശ്ശൂർ കളക്ടറും പൊതുമാരമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഇടവിട്ട ദിവസങ്ങളിൽ കുതിരാനിലെത്തി നിർമ്മാണ പുരോഗതി നേരിട്ട് പരിശോധിക്കുമായിരുന്നു. കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തിൽ ഇരട്ട തുരങ്കങ്ങളിലൊന്ന് ഗതാഗതത്തിനായി തുറന്നെങ്കിലും തുരങ്കത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം രണ്ടാമത്തെ തുരങ്കത്തിൻ്റെ നിർമ്മാണം പൂർത്തിയായ ശേഷമായിരിക്കും നടക്കുക. നിതിൻ ഗഡ്കരിയാവും തുരങ്കത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുക.
2009-ലാണ് കുതിരാൻ തുരങ്കത്തിൻ്റെ നിർമ്മാണത്തിന് കരാർ നൽകിയത്. ഒരു വർഷത്തിന് ശേഷമാണ് തുരങ്ക നിർമ്മാണം ആരംഭിച്ചത്. മുപ്പത് മാസം കൊണ്ട് തുരങ്കം ഗതാഗതയോഗ്യമാക്കുമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്. എന്നാൽ 11 വർഷമെടുത്താണ് തുരങ്കം പകുതിയെങ്കിലും ഗതാഗതയോഗ്യമാക്കിയത്. നിർമ്മാണം പൂർത്തിയാക്കാത്ത കാരണം പലവട്ടം കരാർ നീട്ടികൊടുത്തിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും വനഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങളും തുരങ്കനിർമ്മാണം വൈകാൻ കാരണമായി.
964 മീറ്ററാണ് കുതിരാൻ തുരങ്കത്തിൻ്റെ ആകെ നീളം. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അൻപത് ഫയർ ഹൈഡ്രൻ്റുകളും രണ്ട് ഇലക്ട്രീക്ക് പമ്പുകളും, ഒരു ഡീസൽ പമ്പും കുതിരാനിൽ സജ്ജമാക്കിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ ഹോസും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് എമർജൻസി ഫോണുകൾ കൂടാതെ ഒരോ നൂറ് മീറ്ററിലും പത്ത് സിസിടിവി ക്യാമറകളും തുരങ്കത്തിലുണ്ട്. സുഗമമായ ഗതാഗതം ഉറപ്പാക്കാൻ 1200 എൽഇഡി ലൈറ്റുകളും തുരങ്കത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അറുപത് കിലോമീറ്ററാണ് കുതിരാൻ തുരങ്കത്തിൽ അനുവദിച്ച പരമാവധി വേഗത. കുതിരാൻ തുരങ്കത്തിലൂടെ സഞ്ചരിക്കുക വഴി 30 മിനിറ്റ് മുതൽ 45 മിനിറ്റ് വരെ പാലക്കാട് – തൃശ്ശൂർ പാതയിലെ യാത്രയിൽ ലാഭിക്കാനാവും.
കുതിരാൻ തുരങ്കത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തിയപ്പോൾ ഗുരുതര ആരോപണങ്ങളുമായി കരാർ കമ്പനിയായ പ്രഗതി കൺസ്ട്രക്ഷൻസ് രംഗത്ത് എത്തിയിരുന്നു. തുരങ്കത്തിലെ വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചിൽ തടയാനും ആവശ്യമായ സംവിധാനമില്ലെന്നായിരുന്നു പ്രഗതി കമ്പനി വക്താവ് ശിവാനന്ദൻ്റെ ആരോപണം. തുരങ്കത്തിന് മേലെ കൂടുതൽ കോൺക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കിൽ ഉണ്ടാവുക വൻ ദുരന്തമായിരിക്കുമെന്നും. ഇപ്പോൾ നടക്കുന്നത് തട്ടിക്കൂട്ട് പണികൾ മാത്രമാണെന്നും. നിലവിൽ നിർമാണ ചുമതലയുള്ള KMC കമ്പനിയ്ക്ക് യാതൊരു സാങ്കേതിക വൈദഗ്ധ്യമില്ലെന്നും ശിവാനന്ദൻ ആരോപിച്ചിരുന്നു.
മണ്ണുത്തി – വടക്കാഞ്ചേരി ദേശീയപാതയുടെ നിർമ്മാണത്തിൻ്റെ ഭാഗമായിട്ടാണ് കുതിരാനിൽ തുരങ്കം നിർമ്മിക്കുന്നത്. 16 വർഷമായിട്ടും ദേശീയപാത നിർമ്മാണം പൂർത്തിയാക്കാനായിട്ടില്ല. തൃശൂർ, പാലക്കാട് റോഡില്‍ ഇതുമൂലം യാത്രാക്ലേശം രൂക്ഷമാണ്. മഴക്കാലത്ത് കുതിരാനിൽ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീളുമായിരുന്നു. എട്ട് മുതൽ 16 മണിക്കൂർ വരെ നീണ്ട ഗതാഗതക്കുരക്കുകൾ കുതിരാനിൽ പല സമയത്തായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.