കുതിരാൻ ഓഗസ്റ്റിൽ തുറക്കാൻ കഴിയും : മന്ത്രി പി.എ മുഹമ്മദ് റിയാസ്
തൃശ്ശൂർ: കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിർമാണം വിലയിരുത്താൻ ഉദ്യോഗസ്ഥരുമായി കുതിരാനിൽ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.നിലവിലെ സാഹചര്യത്തിൽ തടസ്സങ്ങളില്ലാതെ നിർമാണം മുന്നോട്ടു പോകുന്നു. കൂടുതൽ തൊഴിലാളികൾ നിർമാണത്തിനായി എത്തിയിട്ടുണ്ട്. 24 മണിക്കൂറും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ദിവസങ്ങളോളം അതിശക്തമായ മഴ തുടർന്നാൽ മാത്രമാണ് നിർമാണത്തെ പ്രതികൂലമായി ബാധിക്കൂ. കൂട്ടായ ശ്രമമാണ് നടന്ന് വരുന്നത്. കൃത്യമായ ഇടവേളകളിൽ പുരോഗതി വിലയിരുത്തുന്നു. ഇടത് തുരങ്കം തുറക്കാനുള്ള അവസാനഘട്ട പ്രവൃത്തികളാണ് നടന്നു വരുന്നത്.നിർദ്ദേശാനുസരണമുള്ള പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായി. കെ.എസ്.ഇ.ബി, ഫയർ ആന്റ് സേഫ്റ്റി വിഭാഗത്തിന്റെ പ്രവർത്തനങ്ങളും പൂർത്തിയായി വരുന്നു. നിലവിലെ നിർമാണം തൃപ്തികരമായി മുന്നോട്ടു നീങ്ങുന്നതായും മന്ത്രി പറഞ്ഞു.
കുതിരാൻ സന്ദർശനത്തിന് ശേഷം രാമനിലയത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി പ്രത്യേക അവലോകന യോഗവും ചേർന്നു. നിലവിലെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. തുരങ്കത്തിനുള്ളിൽഫയർ ആന്റ് സേഫ്റ്റിയുടെ ട്രയൽ റൺ 16-7-2021 നടത്താനാണ് തീരുമാനം.
ജില്ലാ കലക്ടർ ഹരിത വി കുമാർ, മുൻ കലക്ടർ എസ് ഷാനവാസ്, ജില്ലാ വികസന കമ്മീഷ്ണർ അരുൺ കെ വിജയൻ, അസി. കലക്ടർ സുഫിയാൻ അഹമ്മദ്, പൊതുമരാമത്ത് സെക്രട്ടറിആനന്ദ് സിങ്ക, ഡെപ്യൂട്ടി കലക്ടർ മധു സൂധനൻ, പ്രോജക്ട് ഡയറക്‌ടർ സഞ്ജയ് കുമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.–