കുതിരാനില്‍ നിയന്ത്രണംവിട്ട ലോറി 6 വാഹനങ്ങളിലേയ്ക്ക് പാഞ്ഞുകയറി; മൂന്ന് മരണം

തൃശൂർ : ദേശീയപാതയില്‍ കുതിരാനില്‍ നിയന്ത്രണംവിട്ട ലോറി 6 വാഹനങ്ങളിലേയ്ക്ക് പാഞ്ഞുകയറി. അപകടത്തില്‍ മൂന്നു​​േ​പര്‍ മരിച്ചു. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു.

ചരക്ക് ലോറി മറ്റു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും കാറിലുണ്ടായിരുന്ന ഒരാളും ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയിലാണ്.

അപകടത്തെത്തുടര്‍ന്ന് തൃശൂര്‍ – പാലക്കാട് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. കുതിരാനില്‍ ഇരുവശത്തുമായി കിലോ മീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.

തമിഴ്‌നാട്ടില്‍ നിന്ന് വന്ന ചരക്ക് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലും എതിര്‍ദിശയിലുമായി വന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. രണ്ടു കാറുകളിലും ബൈക്കുകളിലുമാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് ഈ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്നു മറ്റ് വാഹനങ്ങളിലും ഇടിച്ചു.