
യുവാവിനെ കുത്തി പരിക്കേല്പിച്ച പ്രതി അറസ്റ്റിൽ.

ചാവക്കാട്: യുവാവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു..മണത്തല താഴത്ത് വീട്ടിൽ വലിയോൻ എന്ന് വിളിക്കുന്ന അർഷാദിനെ(26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരുമനയൂർ കമ്പനിപ്പടിക്കടുത്ത് വെച്ചായിരുന്നു സംഭവം.
തങ്ങൾപടി സ്വദേശി പൊന്നേത്ത് വീട്ടിൽ ഫദലു(29)വിനാണ് കുത്തേറ്റത്.

അറസ്റ്റ് ചെയ്ത പ്രതിയടക്കം അഞ്ചുപേർ ചേർന്നാണ് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചത്. കുത്തുകൊണ്ട യുവാവ് തൊട്ടടുത്തുള്ള പള്ളിയിലേക്ക് ഓടിക്കയറി. തുടർന്ന് അക്രമി സംഘം തിരിച്ചു പോകവെ കോഴിക്കോട് ഭാഗത്തുനിന്നും വന്ന രണ്ട് യുവാക്കളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്ക് കവർന്ന് അതിൽ രക്ഷ പ്പെട്ടു. ഇതിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഒളിവിൽ പോകാൻ ശ്രമിക്കവെ അർഷാദിനെ മലപ്പുറം ജില്ലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസിൽ പ്രതിയാണ് അർഷാദ്.കാപ്പ പ്രകാരം പ്രതി ആറുമാസം തടവിൽ കഴിഞ്ഞ് ജനുവരിയിലാണ് പുറത്തിറങ്ങിയത്.

ഗുരുവായൂർ എ.സി.പി.പ്രേമാനന്ദകൃഷ്ണന്റെ നിർദ്ദേശാനുസരണം ചാവക്കാട് ഐ.എസ്.എച്ച്.ഒ. വി. വി. വിമലിന്റെ നേതൃത്വത്തിൽ എസ്. ഐ.മാരായ ശരത് സോമൻ വിഷ്ണു എസ് നായർ,എ. എസ്.ഐ. മാരായ അൻവർ സദാത്ത് , ഷിഹാബ്, എസ്. സി. പി.ഒ. മാരായ അനീഷ് വി നാഥ്,മുജീബ് റഹ്മാൻ, സുബീഷ്, അരുൺ,സിപിഒ മാരായ ശിവപ്രസാദ്, രജിത്ത്, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.