Madhavam header
Above Pot

കുരുമുളക് സ്‌പ്രേചെയ്ത് രക്ഷപ്പെട്ട പിടികിട്ടാപുള്ളി അറസ്റ്റിൽ

ഗുരുവായൂര്‍ :പിടികൂടാനെത്തിയ പോലീസുകാരന്റെ മുഖത്ത് കുരുമുളക് സ്‌പ്രേചെയ്ത് ഓടി രക്ഷപ്പെട്ട കേസിലെ പിടികിട്ടാപുള്ളിയെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് പാലയൂര്‍ കറുപ്പം വീട്ടില്‍ ഫവാദിനെയാണ് ഗുരുവായൂര്‍ എസ്.എച്ച്.ഒ കെ.ആര്‍.മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായി പിടികൂടിയത്.കവര്‍ച്ചയുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന ഫവാദിനെ പിടികൂടാനെത്തിയപ്പോഴാണ് ഫവാദ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത്.

Astrologer

2015ല്‍ ഗുരുവായൂരിലുണ്ടായ അടിപിടികേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ മാര്‍ച്ച് 11ന് ഫവാദിനെ പിടികൂടാന്‍ പോലീസ് പേരകത്തുള്ള ഭാര്യ സഹോദരന്റെ വീട്ടിലെത്തിയത്. മഫ്ടിയില്‍ എത്തിയത് പോലീസുകാരനാണെന്ന് മനസിലാക്കിയ ഫവാദ് കുരുമുളക് സ്‌പ്രേചെയ്ത് പോലീസുകാരനെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുവായൂര്‍ സ്റ്റേഷനിലെ സി.പി.ഒ രതീഷിന് പരി്‌ക്കേറ്റിരുന്നു. സംഭവ ശേഷം ഫവാദ് ഒളിവിലായിരുന്നു. മരത്താക്കരയിലെ ബാറിന് സമീപം ഫവാദ് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഫ്ടിയിലെത്തിയ പോലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

പോലീസിന്റെ കയ്യില്‍ നിന്ന് കുതറിമാറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒല്ലൂര്‍ പോലീസിന്റെ സഹായത്തോടെ മല്‍പിടുത്തത്തിനൊടുവില്‍ കീഴടക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് ചാവക്കാട് പാലയൂരില്‍ യാത്രികന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം സ്‌കൂട്ടര്‍ തട്ടിയെടുത്തതുള്‍പ്പെടെ വാടാനപ്പള്ളി, ചാവക്കാട്, കോഴിക്കോട്, വടക്കാഞ്ചേരി, കുന്നംകുളം തുടങ്ങി എട്ടോളം സ്റ്റേഷനുകളിലായി ഫവാദിനെതിരെ 15 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്ന ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

അറസ്റ്റിലായ പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി. എസ്.ഐമാരായ പി.പി.സന്തോഷ്, കെ.എന്‍.സുകുമാരന്, കെ.ബി.ഹരികൃഷ്ണന്‍, എ.എസ്.ഐ.മാരായ കെ.ബി.ജലീല്‍, കെ.കെ.സുരേഷ് ബാബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Vadasheri Footer