നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കുറൂരമ്മ ദിനം ആഘോഷിച്ചു

ഗുരുവായൂർ : ഗുരുവായൂർ നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കുറൂരമ്മ ദിനം ആഘോഷിച്ചു . വാത്സല്യ ഭക്തിയിലൂടെ ഉണ്ണിക്കണ്ണനെ സാക്ഷാത്ക്കരിച്ച കുറൂരമ്മയെ സ്മരിച്ച് കുംഭമാസത്തിലെ രോഹിണി നാളിലാണ് സമാജം കുറൂരമ്മ ദിനാഘോഷം സംഘടിപ്പിച്ചുവരുന്നത്. പുലർച്ചെ 5ന് ഗുരുവായൂരപ്പന് ശ്രീലകത്ത് നെയ് വിളക്ക് സമർപ്പണം, കുറൂരമ്മയുടെ ബിംബത്തിൽ മാല ചാർത്തൽ, പുഷ്പാർച്ചന എന്നിവക്ക് ശേഷം ക്ഷേത്രസന്നിധിയിൽ നിന്ന് മമ്മിയൂരിലെ സമാജം നാരായണീയ മണ്ഡപത്തിലേക്ക് ശ്രീകൃഷ്ണ വിഗ്രഹം എഴുന്നള്ളിച്ചു.

ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മനോജ്‌കുമാർ ഭദ്രദീപം തെളിയിച്ച് കൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തി എഴുന്നള്ളിപ്പിന് തുടക്കം കുറിച്ചു. നാമജപ ഘോഷമുഖരിതമായ എഴുന്നള്ളിപ്പിൽ കുറൂരമ്മയുടെ വേഷം ധരിച്ച് സുധ അന്തർജ്ജനവും ഉണ്ണിക്കണ്ണന്റെ വേഷത്തിൽ പൂർണ്ണിമയും പങ്കെടുത്തു. സമ്പൂർണ്ണ നാരായണീയ പാരായണം ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം അഡ്വ. കെ. വി. മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ രേണുക ശങ്കർ അദ്ധ്യക്ഷത വഹിച്ചു. എം. നിർമ്മലൻ മേനോൻ, വി. അച്യുതക്കുറുപ്പ്, കെ രവീന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. നാരായണീയ പാരായണത്തിൽ പങ്കെടുക്കാൻ ഒട്ടേറെ അമ്മമാർ എത്തിച്ചേർന്നിരുന്നു. നാമജപ സങ്കീർത്തന ഗ്രന്ഥങ്ങളുടെ വിതരണവും പ്രസാദഊട്ടും നടന്നു. വി. പി. വേണുഗോപാലൻ നായർ, പ്രേമകുമാരൻ നായർ, തുളസീദാസൻ നമ്പ്യാർ, ശ്രീകുമാർ പി. നായർ, മുരളീധരൻനായർ അകമ്പടി, ശ്രീകൃഷ്ണൻ, എ. വാസുദേവക്കുറുപ്പ്, ശ്രീകുമാരി നായർ, ശ്യാമള പി. നായർ, അംബിക നായർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി