
കുറി കമ്പനി ഉടമ 2.09 ലക്ഷം രൂപയും പലിശയും നൽകണം : ഉപഭോക്തൃ കോടതി.
തൃശൂർ :കുറിസംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. കാട്ടൂർ ആലപ്പാട്ട് കോട്ടോളി വീട്ടിൽ ഷിബു ആൻ്റോ ഡേവിഡ് ഫയൽ ചെയ്ത ഹർജിയിലാണ് ഇരിങ്ങാലക്കുടയിലെ ടൗൺ കുറീസ് ഏൻ്റ് ലോൺസ് പി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. കുറി വിളിച്ചത് പ്രകാരം ഷിബുവിന് 4,65,100 രൂപ ലഭിക്കേണ്ടതുണ്ടായിരുന്നു. കുറിസ്ഥാപനം അതിൽ 1,50,000 രൂപ ഷിബുവിന് നൽകുകയുണ്ടായി.

കുറിയുടെ ബാക്കി തവണകളിലേക്ക് 1,07,460 രൂപ അടക്കേണ്ടതുണ്ടായിരുന്നു. മറ്റൊരു കുറിയിലേക്ക് ജാമ്യം നിന്നതിൻ്റെ അടിസ്ഥാനത്തിൽ 28,000 രൂപ കൂടി ഷിബു കുറിസ്ഥാപനത്തിലേക്ക് നൽകേണ്ടതുമുണ്ടായിരുന്നു. ഇത് കഴിച്ച് 1,79,640 രൂപയാണ് ഷിബുവിന് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ കുറി കമ്പനി സംഖ്യ നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്.
കുറിസംഖ്യ നൽകാതിരുന്നത് അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയുമാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് 1,79,640 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും ചിലവിലേക്ക് 5,000 രൂപയും ഹർജി തിയ്യതി മുതൽ 9% പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി