
കുറിക്കമ്പനി പൊളിഞ്ഞു, ചെയർമാനും ഡയറക്ടർമാർക്കും ബാധ്യത: ഉപഭോക്തൃ കോടതി .

തൃശൂർ : കുറി സെക്യൂരിറ്റി നിക്ഷേപം തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചിയ്യാരം സ്വദേശി നാടോടി വീട്ടിൽ കരുണൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചിയ്യാരത്ത് പ്രവർത്തിച്ചു വരുന്ന ചിയ്യാരം കുറീസ് ഏൻറ് ലോൺസ് (പി) ലിമിറ്റഡിൻ്റെ ചെയർമാൻ, ഡയറക്ടർമാരായ ടി.എ.മത്തായി, ഇ.ജെ. ഫ്രാൻസിസ്, ലിജോ ജോൺ, ലോനപ്പൻ.എം.ഒ, ഷാജു.ടി.വി., ബിജു ജോൺ, രാജേഷ്.പി.ജി., ടി.സി.ജോർജ് എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.

കരുണൻ എതിർകക്ഷി സ്ഥാപനത്തിൽ ചേർന്ന കുറി വിളിച്ച് 90,000 രൂപ കുറി സെക്യൂരിറ്റിയായി നിക്ഷേപിക്കുകയായിരുന്നു. നിക്ഷേപത്തിൻ്റെ പലിശ കൊണ്ട് കുറിവെച്ചുപോകുമെന്നാണ് അറിയിച്ചിരുന്നതു്. കുറി പൂർത്തിയായെങ്കിലും നിക്ഷേപ സംഖ്യ തിരികെ നൽകുകയുണ്ടായില്ല. തുടർന്നു് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കുറി സെക്യൂരിറ്റി നിക്ഷേപ സംഖ്യ തിരികെ നൽകാതിരുന്ന എതിർകക്ഷികളുടെ പ്രവൃത്തി അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയുമാണെന്ന് കോടതി വിലയിരുത്തി. കമ്പനി ഡയറക്ടർമാർക്ക് ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 90,000 രൂപയും ആയതിന് 2017 ജൂലൈ 31 മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.