നല്ല വീട് നല്ല നഗരം തുടർ പദ്ധതി പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി
കുന്നംകുളം : നല്ല വീട് നല്ല നഗരം തുടർ പദ്ധതി പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ വകയിരിത്തിയിട്ടുള്ള കുന്നംകുളം നഗരസഭ ബജറ്റ് വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ അവതരിപ്പിച്ചു. . കുന്നംകുളം നഗരസഭയുടെ വജ്ര ജൂബിലി വർഷമായ ഈ കാലയളവിൽ സാംസ്കാരിക പാരമ്പര്യവും കച്ചവട പൈതൃകവും നഗരത്തിന്റെ വളർച്ചയും ഒക്കെ പ്രതിഫലിപ്പിക്കാവുന്ന വിധത്തിലുള്ള സംസ്കരിക ആഘോഷ പരിപാടികൾക്ക് മുൻതൂക്കം നൽകി കൊണ്ടുള്ള ബജറ്റ് ആണ് അവതരിപ്പിച്ചത്.
പെൻ്റിംഗ് ഫയലുകൾ ഇല്ലാത്ത ഓഫീസ് ആക്കി നഗരസഭയും മാറ്റിയെടുക്കുന്നതിനായി പ്രത്യേക പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട് ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിന് അതിവേഗ ഫയൽ ഇടനാഴി ജീവനക്കാരുടെയും സംഘടനകളുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ പ്രത്യേക ടീം രൂപീകരിച്ച് നടപ്പിലാക്കുന്നുണ്ട്. കുന്നംകുളത്തിന് പൗരസൗഹൃദ നഗരസഭയാക്കി മാറ്റുന്നതിന് നഗരസഭയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാം. ഏറെ നാളായി പൊതുജനങ്ങൾ ആവശ്യപ്പെടുന്ന ലിഫ്റ്റ് സൗകര്യം ഈ വർഷം നടപ്പിലാക്കും. നഗരസഭയുടെ ഐ എസ് ഒ സർട്ടിഫിക്കേഷന്‍ പ്രവർത്തനങ്ങളു ഭാഗമായി വിവിധ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കും. മൂന്നു കോടി രൂപ ചിലവ് വജ്ര ജൂബിലി പ്രവർത്തനങ്ങൾക്ക് മാത്രമായി വിവിധ ഹെഡുകളിലായി മാറ്റി വച്ചിട്ടുണ്ട്
കാർഷിക മേഖല പ്രവർത്തനങ്ങൾക്കായി ഗ്രീൻ ടെക് ഫെസിലിറ്റി സെൻറർ പ്രാവർത്തികമാകും. പ്രത്യേക സൺഡേ മാർക്കറ്റ് പ്രവർത്തനം തുടങ്ങും. ആളുകൾക്ക് ഏറെ സ്വീകാര്യമായി മാറിയ പൊതു അടുക്കളകൾ നഗരസഭയുടെ വിവിധ വാർഡുകളിൽ പ്രവർത്തനം തുടങ്ങും. കാണിയമ്പാൽ അംബേദ്കർ കോളനിക്ക് ഒരു കോടി രൂപ നീക്കിവെച്ചുകൊണ്ട് പ്രത്യേക വികസന പദ്ധതി നടപ്പിലാക്കും.
തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി സംരംഭകത്വ പരിപാടികൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റ് ആണ് അവതരിപ്പിച്ചിട്ടുള്ളത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യനീതി ഉറപ്പാക്കുന്ന വിധത്തിൽ സാമൂഹിക അവസ്ഥ സൃഷ്ടിക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള വിവിധ പദ്ധതികൾക്ക് ഇത്തവണത്തെ നഗരസഭ ബജറ്റ് ആസൂത്രണം ചെയ്തിട്ടുണ്ട് .
യോഗത്തിൽ ചെയർപേഴ്സൺ സീതാരവീന്ദ്രൻ അധ്യക്ഷയായിരുന്നു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച കുന്നംകുളം ബ്രാൻഡഡ് അരി, വെളിച്ചെണ്ണ എന്നിവ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ അരിയും വെളിച്ചെണ്ണയും ആയാണ് ബജറ്റ് യോഗത്തിലേക്ക് എത്തിയത്