കുന്നംകുളത്ത് ഹൈടെക് പോലീസ് സ്‌റ്റേഷൻ ആറു മാസത്തിനകം: മന്ത്രി എ സി മൊയ്തീൻ
കുന്നംകുളം: സംസ്ഥാനത്താദ്യമായി എം എൽ എ ഫണ്ടിൽ നിർമിക്കുന്ന കുന്നംകുളത്തെ ഹൈടെക് പോലീസ് സ്‌റ്റേഷൻ 2021 മാർച്ച് 31 നകം പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. കുന്നംകുളം ഹൈടെക് പോലീസ് സ്‌റ്റേഷന്റെ നിർമാണോദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുരളി പെരുനെല്ലി എം എൽ എ അധ്യക്ഷത വഹിച്ചു. ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഓൺലൈനിലൂടെ ആശംസ നേർന്നു. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൻ സീതാരവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം എം പത്മിനി, വാർഡ് കൗൺസിലർ സുമ ഗംഗാധരൻ, തൃശൂർ റേഞ്ച് ഡി ജി പി സുരേന്ദ്രൻ, ജില്ലാ പോലീസ് മേധാവി ആർ ആദിത്യ, എ സി പി ടി എസ് സിനോജ് തുടങ്ങിയവർ പങ്കെടുത്തു.
തദ്ദേശ മന്ത്രിയുടെ എം എൽ എ ഫണ്ടിൽ നിന്ന് ഒന്നര കോടി രൂപ ഉപയോഗിച്ചാണ് തൃശൂർ റോഡിലെ പഴയ പോലീസ് സ്‌റ്റേഷൻ പരിസരത്ത് ഹൈടെക് പോലീസ് സ്‌റ്റേഷൻ നിർമിക്കുന്നത്. ആധുനിക സൗകര്യത്തോടെയുള്ള പുതിയ പോലീസ് സ്‌റ്റേഷനിൽ എയർ കണ്ടീഷൻ, ലിഫ്റ്റ്, ടി വി ഹാൾ, കോൺഫറൻസ് ഹാൾ, സന്ദർശക മുറി, വാഹന പാർക്കിങ്, ഗാർഡൻ, കവാടം മുതലായ സൗകര്യങ്ങളുണ്ടാകും. വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്‌ടേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. ഇപ്പോൾ ഗുരുവായൂർ റോഡിലെ വാടക കെട്ടിടത്തിലാണ് പോലീസ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നത്.