അഷ്ടമിരോഹിണി, ക്ഷേത്ര നഗരി ഭക്തസഹസ്രങ്ങളെ കൊണ്ട് നിറഞ്ഞു
ഗുരുവായൂർ : ജന്മാഷ്ടമി നാളില്‍ ഗുരുപവനപുരിയെ ഭക്തിയിലാറാടിച്ചു അമ്പാടികണ്ണനെ ഒരു നോക്ക് കാണാൻ ഭക്തജന സഹസ്രം ക്ഷേത്രനഗരിയിലേക്ക് ഒഴുകിയെത്തി . രാജ്യത്തിന്റെ നാനാദിക്കുകളില്‍ നിന്നുമുള്ള കൃഷ്ണ ഭക്തരുടെ സംഗമ ഭൂമിയായിരുന്നു കൃഷ്ണനഗരി. ക്ഷേത്രവും പരിസരവും കൃഷ്ണസ്തുതികളാല്‍ ഭക്തിസാന്ദ്രമായി. രാധാകൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍ ക്ഷേത്രപരിസരത്ത് തത്തികളിച്ചു. മുതിര്‍ന്നവരും വഴിപാടായി വേഷമണിഞ്ഞ് ക്ഷേത്രത്തിലെത്തി.
ക്ഷേത്രപരിസരവും തെരുവോരങ്ങളും അലങ്കാരങ്ങളാല്‍ വര്‍ണാഭമായി. ഉറികള്‍ കെട്ടിതൂക്കി ക്ഷേത്രനഗരിയെ അമ്പാടിക്ക് സമാനമാക്കി. ക്ഷേത്രത്തില്‍ മൂന്നുനേരം മേളത്തിന്റെയും പഞ്ചവാദ്യത്തിന്റേയും അകമ്പടിയില്‍ കാഴ്ചശീവേലിയുായിരുന്നു. മേളത്തിന് പെരുവനം കുട്ടന്‍മാരാരും പഞ്ചവാദ്യത്തിന് ചോറ്റാനിക്കര വിജയന്‍ മാരാരും നേതൃത്വം നല്‍കി. രാവിലെ മോഴ ബാലകൃഷ്ണന്‍ ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണക്കോലമേറ്റി. നെന്മിനി ബലരാമ ക്ഷേത്രത്തില്‍ നിന്ന് എത്തിയ എഴുന്നള്ളിപ്പ് . ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നിറപറ ചൊരിഞ്ഞ് എതിരേറ്റു.
തുടര്‍ന്ന് കൃഷ്ണബലരാമ സംഗമം നടന്നു. ക്ഷേത്രപരിസരത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും തിരക്ക് നിയന്ത്രിക്കാനുമായി കൂടുതല്‍ പോലീസിനെ നിയോഗിച്ചിരുന്നു. പോലീസിനും ദേവസ്വം ജീവനക്കാര്‍ക്കും പുറമേ എന്‍.സി.സി,സ്റ്റുഡന്റ് പോലീസ് എന്നിവരുടെ സേവനവുമുണ്ടായിരുന്നു. . അഷ്ടമിരോഹിണി നാളിലെ പ്രധാന വഴിപാട് ആയ അപ്പം ഭഗവാന് അത്താഴപൂജക്ക് നിവേദിച്ച ശേഷം പിന്നീട് ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്‌തു 10,85,633 രൂപയുടെ 5,900 ലിറ്റർ പാൽപായസം നിവേദിച്ചു ,12,55,670 രൂപയുടെ നെയ് വിളക്ക് ശീട്ടാക്കി 4500 രൂപ ക്ക് 82 പേരും 1000 രൂപ ശീട്ടാക്കി 846 പേരും ദർശനം നടത്തി 368 കുരുന്നുകൾക്ക് പിറന്നാൾ ദിനത്തിൽ ചോറൂൺ നൽകി .9,61,600 രൂപയുടെ തുലാഭാരം വഴിപാടും നടന്നു.