
ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരംപെരിങ്ങോട് ചന്ദ്രന്.

ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ് കാരം പ്രശസ്ത പഞ്ചവാദ്യം തിമില കലാകാരൻ പെരിങ്ങോട് ചന്ദ്രന് സമ്മാനിക്കും. അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 14ന് വൈകുന്നേരം 5 ന് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ് കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി .വി.എൻ.വാസവൻ പുരസ്കാരം നൽകും.

ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗം .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പ്രശസ്‌ത വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, ഡോ. ടി.കെ.നാരായണൻ എന്നിവർ ഉൾപ്പെട്ട ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്‌കാര നിർണയ സമിതിയാണ് പെരിങ്ങോട് ചന്ദ്രനെ പുരസ്‌കാരത്തിനായി ശുപാർശ ചെയ്ത്. ഇന്നു ചേർന്ന ദേവസ്വം ഭരണസമിതി യോഗം ശുപാർശ അംഗീകരിച്ച് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു.
പഞ്ചവാദ്യകലാമേഖലക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. നാലു പതിറ്റാണ്ടിലേറെയായി തിമില കലാകാരനായി വാദ്യകലാരംഗത്തെ നിറസാന്നിധ്യമാണ് പെരിങ്ങോട് ചന്ദ്രൻ. പാലക്കാട് പെരിങ്ങോട് ചാഴിക്കാട്ടിരി മതുപ്പുള്ളി സ്വദേശിയാണ്. 2020-2021 ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല അവാർഡ്, 2003 ൽ അംബേദ്‌കർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ സാംസ്‌കാരിക സ്കോളർഷിപ്പ് നേടിയിട്ടുണ്ട്. 2017 മുതൽ കേരള കലാമണ്ഡലത്തിൽ വിസിറ്റിങ്ങ് പ്രൊഫസർ ആയി സേവനമനുഷ്‌ഠിക്കുന്നു. തിമിലയിലെ ജാതിക്കാലം എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ രചയിതാവാണ്.

ക്ഷേത്ര കലകളെപ്രോൽസാഹിപ്പിക്കുന്ന തിനായി ഗുരുവായൂർ ദേവസ്വം 1990 മുതൽ ഏർപ്പെടുത്തിയതാണ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം. 55,555 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും ഫലകവും പ്രശസ്‌തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.
ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്‌ധ്യക്ഷനായിരുന്നു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .കെ.പി.വിശ്വനാഥൻ, .മനോജ്.ബി.നായർ, .കെ.എസ്.ബാലഗോപാൽ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ .ഒ.ബി.അരുൺകുമാർ എന്നിവർ സന്നിഹിതരായി.