
” കൃഷ്ണായനം” സംഘാടക സമിതി ഓഫീസ് ഉൽഘാടനം ചെയ്തു.

കുന്നംകുളം :വാസ്തുവിദ്യ വിശ്വാസമല്ല, ശാസ്ത്രമാണെന്ന് സുരേഷ് ഗോപി. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ശതാഭിഷേകത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണക്കുകളിലൂടെ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഗൃഹങ്ങൾക്കുള്ള സ്ഥാനനിർണ്ണയം നടത്തുന്നത്. തലമുറകളിൽ നിന്ന് കൈമാറി ലഭിച്ച സിദ്ധിയിലൂടെ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ആ ശാസ്ത്രത്തെ പുതിയ മേഖലകളിലേക്ക് നയിക്കുകയാണ്.

ഐക്യരാഷ്ട്ര സഭയിൽ വരെ കുന്നംകുളത്തിന്റെ ശബ്ദം കൃഷ്ണൻ നമ്പൂതിരിപ്പാടിലൂടെ എത്തിയെന്നത് നാടിനാകെ അഭിമാനമാണ്. തന്റെ വീടിന്റെ വാസ്തു പ്രശ്നം, കൃഷ്ണൻ നമ്പൂതിരിപ്പാട് പരിഹരിച്ച ശേഷമാണ് ഭരത് ചന്ദ്രനിലൂടെ തനിക്ക് സിനിമയിൽ രണ്ടാമൂഴം ഉണ്ടായതെന്ന വ്യക്തിപരമായ അനുഭവവും സുരേഷ് ഗോപി പങ്കുവെച്ചു. കാണിപ്പയ്യൂർ ഗ്രന്ഥാലയത്തിൽ സജ്ജമാക്കിയ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ലെബീബ് ഹസ്സൻ അധ്യക്ഷനായി.
മലബാർ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത ലോഗോ പ്രകാശനം നിർവ്വഹിച്ചു. കുന്നംകുളം ടൗൺ സുന്നി ജുമാ മസ്ജിദ് ഖത്തീബ് നിസാർ അലി വാഫി ലോഗോ ഏറ്റം വാങ്ങി. കെ.കെ. അനീഷ് കുമാർ, ബിജു.സി. ബേബി, വടക്കുംപാട്ട് നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ സി. ഗിരീഷ് കുമാർ സ്വാഗതവും നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ നന്ദിയും പറഞ്ഞു. വാസ്തുശാസ്ത്ര പണ്ഡിതനും ആറൻന്മുള ഗുരുകുല വിദ്യാപീഠം ഡയറക്ടറുമായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ ശതാഭിഷേകം ” കൃഷ്ണായനം” എന്ന പേരിൽ വിപുലമായ പരിപാടികളോടെ ഡിസംബറിലാണ് ആഘോഷിക്കുന്നത്.
