
കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികച്ച കലാകാരന്മാര്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിജയദശമി ദിനംമുതല്‍ ഒമ്പത് നടന്ന കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികച്ച കലാകാരന്മാര്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ഗുരുവായൂര്‍ ദേവസ്വം ശ്രീ മാനവേദ സുവര്‍ണ്ണമുദ്ര പുരസ്‌ക്കാരത്തിന് കെ.ടി. ഉണ്ണികൃഷ്ണനും, വാസു നെടുങ്ങാടി എന്റോവ്‌മെന്റ് പുരസ്‌ക്കാരത്തിന് സി. സേതുമാധവനും അര്‍ഹരായി. കലാനിലയം ശില്‍പ്പിയായിരുന്ന കെ.പി. ജനാര്‍ദ്ദനന്‍, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, ഡോ: എടനാട് രാജന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ജഡ്ജിങ്ങ് കമ്മറ്റിയാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.


കലാകാരന്മാരുടെ അരങ്ങുകളിയിലെ മികവ് വിലയിരുത്തി ജഡ്ജിങ്ങ് കമ്മറ്റി നല്‍കിയ ശുപാര്‍ശ ദേവസ്വം ഭരണസമിതി അംഗീകരിച്ചു. അരങ്ങുകളിയില്‍ മികവാര്‍ന്ന പ്രകടനം കാഴ്ച്ചവെച്ച ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം കലാനിലയം ചുട്ടി വിഭാഗത്തിന്റെ ആശാനാണ് കെ.ടി. ഉണ്ണികൃഷ്ണന്‍. വേഷം വിഭാഗത്തിലെ ആശാനാണ് സി. സേതുമാധവന്‍. സേതുമാധവന് ഇതിനുമുമ്പ് ഗുരുവായൂര്‍ ദേവസ്വം ശ്രീമാനവേദ സവര്‍ണ്ണ മുദ്ര ലഭിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലുള്ള ഏഴുപേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കാനും ഭരണസമിതി തീരുമാനിച്ചു.
മനീഷ്, സത്യനാഥന്‍, പ്രമോദ് എന്നിവര്‍ക്ക് വേഷത്തിലും, ശ്രീകുമാര്‍ (പാട്ട്), രാമകൃഷ്ണന്‍ (ശുദ്ധമദ്ദളം), പ്രസാദ് (അണിയറ) എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹത നേടിയത്. കൃഷ്ണനാട്ടം കളരിയില്‍വെച്ച് നടത്തിയ പ്രശ്‌നോത്തരിയില്‍ കൃഷ്ണപ്രസാദ്, അതുല്‍കൃഷ്ണന്‍ എന്നിവര്‍ തുല്ല്യ മാര്‍ക്ക് നേടി വിജയികളായി. നവം: 15-ന് കൃഷ്ണഗീതി ദിനത്തില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ചുനടക്കുന്ന ചടങ്ങില്‍ കലാകാരന്മാര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ സമ്മാനിയ്ക്കും