ഗുരുവായൂർ കൃഷ്ണനാട്ടം കളരിയിലും ജാതിഭ്രഷ്ട്?, പ്രവേശനം സവർണർക്ക് മാത്രമെന്ന് ആക്ഷേപം.

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കളരിയിൽ ജാതി വിവേചനം രൂക്ഷമാണെന്ന് ആക്ഷേപം . വേഷം വിഭാഗത്തിൽ ചേരാൻ അപേക്ഷ നൽകിയ അവർണ വിഭാഗത്തെ ഒഴിവാക്കി നായർ വിഭാഗത്തിൽ നിന്നും മാത്രം ഉള്ള അപേക്ഷകരെ തിരഞ്ഞെടുത്തതോടെ ഇടതുഭരണ സമിതിയുടെ ജാതി ഭ്രഷ്ടിന്റെ വൃണം വീണ്ടും പൊട്ടിയൊലിച്ചു എന്നാണ് പരാതി . സംഭവം വിവാദമായതോടെ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് ലിസ്റ്റ് താത്കാലികമായി മരവിപ്പിച്ചു .അവർണ വിഭാഗമായ യാദവ കുലത്തിൽ ജനിച്ച ശ്രീകൃഷ്ണന്റെ ജീവിത കഥയെ ആസ്പദമാക്കി രചിച്ച കൃഷ്ണനാട്ടം എന്ന കലാരൂപം പഠിപ്പിക്കുന്നതിൽ നിന്നാണ് അവർണ വിഭാഗത്തിലെ കുട്ടികളെ ജാതിയുടെ പേരിൽ മാറ്റി നിറുത്തുന്നത് എന്നതാണ് ഏറെ വിരോധാഭാസം.

Vadasheri

Astrologer

നാല് ഒഴിവിലേക്കായി 37 അപേക്ഷകരാണ് ഉണ്ടായിരുന്നത് .ഇതിൽ നിന്നും നായർ വിഭാഗത്തിലെ നാല് അപേക്ഷകരെ ആണ് അവസാന ലിസ്റ്റിലേക്ക് പരിഗണിച്ചത് . ലിസ്റ്റിന് രൂപം നൽകിയത് ദേവസ്വം ചെയർ മാൻ നേരിട്ടാണത്രെ .പരമ സാത്വികന്‍ എന്ന് ആളുകൾ പറയുന്ന ചെയർമാൻ തന്നെ ഇത്തരം നടപടി കൈകൊണ്ടത് എല്ലവരെയും അത്ഭുതപ്പെടുത്തി പട്ടിക ജാതി വിഭാഗത്തിനുള്ള സംവരണം വഴി എത്തിയ സി പി ഐയുടെ ദേവസ്വം ഭരണ സമിതി അംഗവും ഇതിനു കൂട്ടു നിന്നു എന്ന ആരോപണവും ശക്തമാണ്.സി പി ഐ യുടെ സജീവ പ്രവർത്തകനും ദേവസ്വത്തിലെ താൽക്കാലിക ജീവനക്കാരനുമായ ആളുടെ മകനും അപേക്ഷനായി ഉണ്ടായിരുന്നു . സി പി ഐക്ക് ലഭിക്കുന്ന ഒരു സീറ്റിൽ ഈ അപേക്ഷകന് നൽകാം എന്ന് നിയോജക മണ്ഡലം സെക്രട്ടറി ഉറപ്പും നൽകിയിരുന്നുവത്രെ , എന്നാൽ ഒ ബി സി വിഭാഗത്തിൽ പെട്ടതിനാൽ ഈ അപേക്ഷകനെ ഭരണ സമിതി പരിഗണിച്ചില്ല എന്നാണ് ആക്ഷേപം .

ക്ഷേത്രത്തിനകത്ത് കൃഷ്ണനാട്ടം കളി ആരംഭിക്കുന്നതിന് മുൻപ് കളി വിളക്ക് തെളിയിക്കാൻ ഒരു നമ്പൂതിരി സമുദായ അംഗം തന്നെ വേണമെന്ന് അലിഖിത നിയമമാണ് .ഇതൊക്കെ അതാത് കാലത്തെ ആശാൻമാർ ഉണ്ടാക്കി വെക്കുന്ന നിയമങ്ങളും കീഴ് വഴക്കങ്ങളുമാണ് . കൃഷ്ണനാട്ടം പുറം കളിക്ക് പോകുമ്പോഴും ഈ അലിഖിത നിയമം തെറ്റിക്കാറില്ല . ടി വി ചന്ദ്രമോഹൻ ദേവസ്വം ചെയർ മാൻ ആയിരിക്കുമ്പോൾ തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ കൃഷ്ണനാട്ടം അവതരിപ്പിച്ചിരുന്നു .കൃഷ്ണനാട്ടം കളി നടക്കുന്ന വിവരം തിരുവമ്പാടി ദേവസ്വം വ്യാപക പ്രചാരണം നടത്തിയിരുന്നു . അവരുടെ പോസ്റ്ററിലും നോട്ടീസിലും ഗുരുവായൂർ ദേവസ്വം ചെയർ മാൻ ടി വി ചന്ദ്ര മോഹൻ കളി വിളക്ക് തെളിയിക്കുമെന്നാണ് അവകാശപ്പെട്ടിരുന്നത് .എന്നാൽ ദേവസ്വം ചെയർ മാനെ മാറ്റി നിറുത്തി ഒരു നമ്പൂതിരിയെ വിളിച്ചു തിരി തെളിയിച്ചാണ് കൃഷ്ണനാട്ടം ആശാന്മാർ കളി അവതരിപ്പിച്ചത് .

ഇത് പോലെ സ്വർഗാരോഹണം കളിയിൽ മഹാ വിഷ്ണുവായി വേഷം കെട്ടേണ്ടത് അമ്പലവാസി സമുദായത്തിൽ നിന്നുള്ള കലാകാരൻ ആകണം എന്നും ആശാന്മാർക്ക് നിർബന്ധമുണ്ട് മുൻപ് ഡൽഹിയിൽ കൃഷ്ണനാട്ടം കളിക്ക് പോയപ്പോൾ സംഘത്തിൽ അമ്പല വാസികൾ ആരുമില്ലെന്ന് കണ്ട് സ്വർഗാരോഹണം കളിയുടെ ദിവസം നാട്ടിൽ നിന്നും അമ്പല വസിക്കാരൻ ആയ കലാകാരനെ എത്തിച്ചാണ് കളി നടത്തിയത് . ട്രെയിനിൽ റിസർവേഷൻ ഇല്ലാത്തതിനാൽ ലോക്കൽ കമ്പാർട് മെന്റിൽ യാത്ര ചെയ്ത് അവശനായാണ് ഈ കലാകാരൻ ഡൽഹിയിൽ എത്തേണ്ടി വന്നത് .

അതെ സമയം ഒ ബി സി വിഭാഗത്തിൽ നിന്നും വെറും ഏഴു പേർക്ക് മാത്രമാണ് ഇത് വരെ കൃഷ്ണനാട്ടം കളരിയിലേക്ക് പ്രവേശനം ലഭിച്ചത് . 2003 ൽ യു ഡി എഫ് ഭരണ സമിതിയുടെ കാലത്ത് പ്രേം ഭാസി ജീവനക്കാരുടെ പ്രതിനിധി ആയി വന്നപ്പോഴാണ് ഒ ബി സി വിഭാഗത്തിൽ നിന്നുമുള്ള കുട്ടികൾക്ക് ആദ്യമായി പ്രവേശനം ലഭിച്ചത് .എഴുത്തച്ഛൻ വിഭാഗത്തിൽ നിന്നും ചെട്ടിയാർ വിഭാഗത്തിൽ നിന്നും ഓരോ കുട്ടികൾക്ക് പ്രവേശനം ലഭിച്ചു . പിന്നീട് 2008, 2009 , എന്നീ വർഷങ്ങളിൽ ഒന്ന് വീതം ഈഴവ അപേക്ഷകർക്ക് പ്രവേശനം ലഭിച്ചു . 2012 ൽ ഒരു ധീവര സമുദായ അംഗത്തിനും ഒരു ഈഴവ അംഗത്തിനും പ്രവേശനം നൽകി .2014 ൽ ഒരു ഈഴവ അപേക്ഷകനും കളരിയിലേക്ക് പ്രവേശനം ലഭിച്ചു . പട്ടിക ജാതി വിഭാഗത്തിൽ നിന്ന് ആരെയും ഇത് വരെ പരിഗണിച്ചിട്ടില്ല .

കേരളത്തിലെ ക്ഷേത്രങ്ങളിൽ അവർണ വിഭാഗങ്ങൾക്കും പ്രവേശനം അനുവദിച്ചതോടെയാണ് ഗുരുവായൂർ ക്ഷേത്രത്തിലും വരുമാന വർദ്ധനവ് ഉണ്ടായത് . അത് വരെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്നവർ സുഭിക്ഷമായെങ്കിലും അവർണരെ പല മേഖലയിൽ നിന്നും ഒഴിച്ച് നിറുത്തുന്നത് ആധുനിക സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല.അതും പ്രത്യേകിച്ച് തങ്ങളിൽ മാനവ രക്തം മാത്രമാണ് തുടിക്കുന്നതെന്ന് മുദ്രാവാക്യം വിളിച്ചു നടക്കുന്ന ഇടതു പക്ഷം ദേവസ്വം ഭരിക്കുമ്പോൾ.

Astrologer