പാർട്ടിയുടെ,കൊടിയുടെ നിറം നോക്കിയാണ് നീതി..”: രമ്യ ഹരിദാസ് എംപി
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്‍ എംപി നടത്തിയ പദപ്രയോഗങ്ങള്‍ ഏറെ വിവാദമാണ് സൃഷ്ടിച്ചത്. സംഭവത്തില്‍ അധിക്ഷേപ പരാമർശം നടത്തിയ കെ മുരളീധരൻ എംപിക്ക് എതിരെ കേസെടുത്തു. ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുള്ള പരമർശം നടത്തിയതിന് മ്യൂസിയം പൊലീസാണ് കേസെടുത്തത്.
എന്നാല്‍ സംഭവത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ് രംഗത്ത് എത്തി. ഫേസ്ബുക്കിലൂടെയാണ് രമ്യയുടെ അഭിപ്രായ പ്രകടനം. രമ്യഹരിദാസിനും,കെ.കെ.രമ എംഎല്‍എയ്ക്കും, എംജി യൂണിവേഴ്സിറ്റിലെ എഐഎസ്എഫ് വനിതാ നേതാവിനും വാളയാറിലെ അമ്മയ്ക്കും ഒരു നീതി. മേയർ ആര്യാ രാജേന്ദ്രനും സിപിഐഎം അംഗങ്ങൾക്കും പാർട്ടിയെ പുകഴ്ത്തിയും അനുകൂലിച്ചും പാർട്ടിയുടെ നെറികേടുകൾക്ക് മൗനം പാലിക്കുകയും ചെയ്യുന്ന വനിതകൾക്ക് മറ്റൊരു നീതിയും. കേരളം ഇപ്പോൾ ഇങ്ങനെയൊക്കെയാണ്..പാർട്ടിയുടെ,കൊടിയുടെ നിറം നോക്കിയാണ് നീതി എന്നാണ് എംപി ആരോപിക്കുന്നത്.
എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ അധിക്ഷേപിച്ചപ്പോൾ അത് തെറ്റാണെന്ന് പറയാനോ,അത് പിൻവലിക്കണമെന്ന് പറയാനോ ഇന്ന് ആര്യാരാജേന്ദ്രനെ പിന്തുണക്കുന്ന ഇന്നത്തെ ബഹു.മന്ത്രിയും അന്നത്തെ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡണ്ടുമായ പി.എ.മുഹമ്മദ് റിയാസിനെ കണ്ടിരുന്നില്ല. ആ പരാമർശത്തിൽ ഇന്നേവരെ എ.വിജയരാഘവൻ ഖേദം പ്രകടിപ്പിച്ചതായി അറിഞ്ഞിട്ടില്ല. കേസെടുക്കാൻ നിയമോപദേശം തേടുകയോ കേസ് എടുക്കുകയോ ചെയ്തതായി അറിയില്ലെന്നും എംപി പറയുന്നു.
രമ്യ ഹരിദാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ഇവിടെ ഇങ്ങനെയാണ് ഭായ്..!!
രമ്യഹരിദാസിനും,കെ.കെ.രമ MLA യ്ക്കും,MG യൂണിവേഴ്സിറ്റിലെ AISF വനിതാ നേതാവിനും വാളയാറിലെ അമ്മയ്ക്കും ഒരു നീതി.
മേയർ ആര്യാ രാജേന്ദ്രനും CPIM അംഗങ്ങൾക്കും പാർട്ടിയെ പുകഴ്ത്തിയും അനുകൂലിച്ചും പാർട്ടിയുടെ നെറികേടുകൾക്ക് മൗനം പാലിക്കുകയും ചെയ്യുന്ന വനിതകൾക്ക് മറ്റൊരു നീതിയും..
കേരളം ഇപ്പോൾ ഇങ്ങനെയൊക്കെയാണ്..പാർട്ടിയുടെ,കൊടിയുടെ നിറം നോക്കിയാണ് നീതി..
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന രമ്യ ഹരിദാസിനെ LDF കൺവീനർ അധിക്ഷേപിച്ചപ്പോൾ അത് തെറ്റാണെന്ന് പറയാനോ,അത് പിൻവലിക്കണമെന്ന് പറയാനോ ഇന്ന് ആര്യാരാജേന്ദ്രനെ പിന്തുണക്കുന്ന ഇന്നത്തെ ബഹു.മന്ത്രിയും അന്നത്തെ DYFI യുടെ അഖിലേന്ത്യാ പ്രസിഡണ്ടുമായ പി.എ.മുഹമ്മദ് റിയാസിനെ കണ്ടിരുന്നില്ല.ആ പരാമർശത്തിൽ ഇന്നേവരെ എ.വിജയരാഘവൻ ഖേദം പ്രകടിപ്പിച്ചതായി അറിഞ്ഞിട്ടില്ല.കേസെടുക്കാൻ നിയമോപദേശം തേടുകയോ കേസ് എടുക്കുകയോ ചെയ്തതായി അറിയില്ല.
അവിടുന്നിങ്ങോട്ട് പാർലമെന്റ് അംഗമായത് മുതൽ നേരിട്ടും സാമൂഹ്യ മാധ്യമങ്ങളിലും ഞാൻ നേരിട്ട അധിക്ഷേപത്തിനുംഅവഹേളനത്തിനും കാരണം ഞാനൊരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരിയല്ല എന്നതായിരുന്നു കാരണം.നിയമസഭ തെരെഞ്ഞെടുപ്പ് സമയത്ത് കാലൊടിഞ്ഞു ചികിത്സയിലായിരുന്ന ഞാൻ പ്രചരണ രംഗത്തിറങ്ങിയത് എത്ര വികൃതമായാണ് സോഷ്യൽ മീഡിയയിൽ ചിത്രീകരിച്ചത് .കഠിനമായ വേദന സഹിച്ചും സ്വന്തം ആദർശത്തിനുവേണ്ടി പ്രചാരണം നടത്തിയ എന്നെ നാടകനടിയാക്കിയാണ് സൈബർ പോരാളികൾ ആഘോഷിച്ചത്.
അതിനെതിരെ ഏതെങ്കിലും സിപിഐഎം നേതാക്കൾ പ്രതികരിച്ചോ?സിപിഐഎം അണികളെ അങ്ങനെ ചെയ്യരുതെന്ന് ഏതെങ്കിലും ഒരു നേതാവ് വിലക്കിയോ? ആലത്തൂരിൽ വെച്ച് ഭീഷണിയും തെറിവിളിയും ഉണ്ടായപ്പോൾ അതിനെതിരെ പരാതി പറഞ്ഞപ്പോൾ എന്നെ അവഹേളിക്കാനാണ് CPIM നേതാക്കളും സോഷ്യൽ മീഡിയയിലൂടെ സൈബർ പോരാളികളും എനിക്കെതിരെ നടത്തിയ തെറിവിളികൾക്കും അവഹേളനത്തിനും കണക്കുണ്ടോ? അതിന് എന്ത് നടപടിയുണ്ടായി? പാലക്കാട് ലോക്ക് ഡൗൺ കാലത്ത് ഭക്ഷണം വാങ്ങാൻ ചെന്ന എന്നെ 10 മിനിറ്റിലധികം പിറകെ നടന്ന് വീഡിയോ ഷൂട്ട് ചെയ്യുകയും എന്റെ കൈ തട്ടിമാറ്റുകയും ചെയ്ത സംഭവത്തിൽ എന്നെ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത് എങ്ങനെയായിരുന്നു? എത്രമാത്രം അധിക്ഷേപിച്ചു.
ഒരു CPIM ജനപ്രതിനിധിയെയാണ് അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു? സെൽഫി എടുത്ത പാർട്ടി പ്രവർത്തകന്റെ മൊബൈൽ തട്ടിമാറ്റിയ മുഖ്യമന്ത്രിയുള്ള നാട്ടിലാണ് ഒരു വനിത ജനപ്രതിനിധിയെ പത്ത് മിനുട്ടിലധികം പിറകെ നടന്ന് വീഡിയോ ഷൂട്ട് ചെയ്തത്.അന്ന് സോഷ്യൽ മീഡിയയിൽ ഞാൻ നേരിട്ട അധിക്ഷേപം വളരെ വേദനിപ്പിക്കുന്നതായിരുന്നു.അത് പരാതിപ്പെട്ടതിന് പോലും എന്നെ ആക്ഷേപിച്ചു.രമ്യ ഹരിദാസ് പാട്ടു പാടിയാൽ പാർലമെൻറിൽ പാട്ടുകച്ചേരി അല്ല,പാട്ടുകാരി ദലീമ മത്സരിച്ചാൽ,പാട്ടു പാടിയാൽ നിയമസഭയിൽ പാട്ടുകച്ചേരി ആണോ എന്നാലും ചോദിച്ചേക്കരുത്.കാരണം,അവർ മത്സരിക്കുന്നത് സിപിഐഎമ്മിൽ ആണ്.നീതിയുടെ ഓരോ തരംതിരിവുകൾ..
രമ്യ ഹരിദാസും മറ്റ് പാർട്ടികളിലുള്ളവരും എല്ലാം സഹിച്ചുകൊള്ളണം,അതായിരുന്നു നിലപാട്.AISF ന്റെ വനിതാ പ്രവർത്തക MG യൂണിവേഴ്സിറ്റിയിലെ SFI ക്കാരാൽ അക്രമിക്കപ്പെട്ടപ്പോൾ ജാതി പരമായും ശാരീരികമായും ആക്രമിക്കപ്പെട്ടപ്പോൾ ആ പെൺകുട്ടിയോട് ചോദിച്ചതും തെളിയിക്കാൻ വീഡിയോ കൊണ്ടുവരാനായിരുന്നു .CPIM അല്ലാത്തവരെല്ലാം പരാതി പറഞ്ഞാൽ കള്ളം.അവർ വീഡിയോ തെളിവ് ഹാജരാക്കണം.അല്ലെങ്കിൽ അവർ വ്യാപകമായി അവഹേളിക്കപ്പെടും.SFI ക്കെതിരെ പരാതി പറഞ്ഞ AISF പ്രവർത്തക നേരിട്ട അശ്ലീല പ്രയോഗങ്ങളും കമൻറുകളും എത്രത്തോളം ഭീകരമായിയിരുന്നു.അതിനൊന്നും ഒരു മന്ത്രിമാർക്കും വിഷമം തോന്നിയതായി കണ്ടില്ല.ഇതാണ് ഇരട്ട നീതി.
സിപിഐ എമ്മിനെ പുകഴ്ത്തി പറയുകയും പാർട്ടി അംഗമാവുകയും ചെയ്താൽ അവർ ചെയ്യുന്നതെല്ലാം നല്ല കാര്യം. തെറ്റ് ചെയ്താൽ പോലും ന്യായീകരിക്കാനും പിന്തുണയ്ക്കാനും മന്ത്രിമാർ മുതൽ താഴെത്തട്ടിലുള്ള സൈബർ പോരാളികൾ വരെ മുന്നിട്ടു ഇറങ്ങും.സിപിഐഎമ്മിന് പുറത്തുള്ളവരുടെ അഭിമാനത്തിനും പരാതികൾക്കും യാതൊരു വിലയും ഇല്ല.അവരെ ആർക്കുവേണമെങ്കിലും ആക്ഷേപിക്കാം അവഹേളിക്കാം,മോർഫിംഗ് നടത്താം വൃത്തികെട്ട അശ്ലീല ട്രോളുകൾ ഇറക്കാം..എല്ലാം സഹിച്ചു കൊള്ളണം..നിരപരാധി ആണെങ്കിൽ പോലും
പിന്തുണക്കാൻ സ്വന്തം പാർട്ടിക്കാരല്ലാത്ത ഒരാളെയും പ്രതീക്ഷിക്കരുത് സാംസ്കാരിക നായകരെ പോലും പ്രതീക്ഷിക്കിച്ചേക്കരുത്. ഇതാണ് ഇന്നത്തെ കേരളം പഠിപ്പിക്കുന്നത്..
എനിക്കെതിരെയുള്ള എ. വിജയരാഘവന്റെ പദപ്രയോഗങ്ങൾ ദ്വയാർത്ഥമുള്ളതും അവഹേളിക്കുന്നതുമായിരുന്നില്ലേ?കെ മുരളീധരൻ എംപി നടത്തിയ പരാമർശം മേയറുടെ മനസ്സ് വിഷമിച്ചെങ്കിൽ ഖേദം ഖേപ്രകടിപ്പിക്കുന്നു എന്നു പറയാനുള്ള മാന്യത അദ്ദേഹം കാണിച്ചു.അതാണ് ഒരു കോൺഗ്രസുകാരനും സിപിഐഎം കാരനും തമ്മിലുള്ള വ്യത്യാസം..ഒരു കോൺഗ്രസ് ,യുഡിഎഫ് നേതാവിന്റെ ഏറ്റവും വലിയ ഗുണം അതാണ്. കെ മുരളീധരൻ എം.പി ഇന്ന് കാണിച്ചത് ആ ഗുണമാണ്.CPIM നേതാക്കൾക്ക് ഇല്ലാത്തതും അതുതന്നെ.എതിരെ നിൽക്കുന്നവരെ മുഴുവൻ അവഹേളിക്കുകയും സ്വന്തം പാർട്ടിക്കാർ ചെയ്യുന്ന എന്തു നെറികേടുകളും ന്യായീകരിക്കുകയും ചെയ്യുന്ന നേതാക്കളും അണികളും ഉള്ള ഒരു നാട്ടിൽ ഒരാളും നീതി പ്രതീക്ഷിച്ചേക്കരുത്,ഒന്നിച്ച് ഒരു മുന്നണിയിൽ ആണെങ്കിലും..
മറക്കേണ്ട,ബംഗാളിലെ സിപിഎമ്മിന് പറ്റിയതും ഇതുതന്നെയായിരുന്നു