Header 1 = sarovaram
Above Pot

സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ കിഴക്കമ്പലത്തെ ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു.

കൊച്ചി : സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ കിഴക്കമ്പലത്തെ ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ താമസക്കാരനായ ദീപു (37) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദീപു. കിഴക്കമ്പലം അഞ്ചാം വാർഡിലെ ട്വന്‍റി 20 വാർഡ് ഏരിയ സെക്രട്ടറിയാണ്.

Astrologer

തലച്ചോറിൽ ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാൽ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ദീപുവിനെ പിന്നീട് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ദീപുവിന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെതിരെ നടന്ന വിളക്കണയ്ക്കൽ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവർത്തകർ ട്വന്‍റി 20 പ്രവർത്തകനായ ദീപുവിനെ മർദ്ദിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴേകാലോടെയാണ് കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയിൽ താമസക്കാരനായ ദീപുവിന് മർദ്ദനമേറ്റത്.

അന്നേ ദിവസം രാത്രി ഏഴ് മണി മുതൽ പതിനഞ്ച് മിനിറ്റായിരുന്നു ട്വന്‍റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും വിളക്കണയ്ക്കൽ സമരം നടന്നത്. ആളുകളിൽ നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ട്വന്‍റി 20-യുടെ പദ്ധതിക്കെതിരെ പി വി ശ്രീനിജന്‍ എംഎൽഎ രംഗത്ത് വന്നതാണ് സമരത്തിന് കാരണം.

ട്വന്‍റി 20-യുടെ സജീവ പ്രവർത്തകനായ ദീപുവും പ്രതിഷേധം ഏകോപിപ്പിക്കാൻ മുന്നിൽ ഉണ്ടായിരുന്നു. ലൈറ്റണയ്ക്കൽ സമരം നടക്കുന്നതിനിടെ വീട്ടിലെത്തിയ നാല് സിപിഎം പ്രവർത്തകർ ദീപുവിനെ മർദിക്കുകയായിരുന്നു. അന്ന് ദീപു ചികിത്സ തേടിയിരുന്നില്ല. തിങ്കളാഴ്ച പുലർച്ചെ രക്തം ഛർദിച്ചതോടെയാണ് ദീപുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .

സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിഴക്കമ്പലം സ്വദേശികളും സിപിഎം പ്രവർത്തകരുമായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം, ഹരിജന പീഡനം എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരിപ്പോൾ മൂവാറ്റുപുഴ സബ് ജയിലിലാണ്.

എന്നാൽ വസ്തുതകളും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും പുറത്തുവരട്ടെ, എന്നിട്ട് പ്രതികരിക്കാമെന്നാണ് പി വി ശ്രീനിജൻ എംഎൽഎയുടെയും സിപിഎമ്മിന്‍റെയും പ്രതികരണം. സംഘർഷം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് പരാതി പോലും നൽകുന്നത്. ദീപു ചികിത്സ തേടിയതും അതിന് ശേഷമാണ്. മരിച്ചയാൾക്ക് മറ്റ് അസുഖങ്ങളുണ്ടെന്നാണ് തന്‍റെ അറിവെന്നും സംഘർഷം ഉണ്ടായതായി ദീപു മൊഴി നൽകിയിട്ടില്ലെന്നുമാണ് പി വി ശ്രീനിജൻ പറയുന്നത്.

ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിക്കൊന്നതാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു . പ്രധാന സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലാണ് മരിച്ച ദീപുവിന് മർദ്ദനമേറ്റത് .ക്രൂരമായ മർദ്ദനമാണ് പട്ടികജാതി കോളനിയിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ എംഎൽഎക്കെതിരെ ജനാധിപത്യ സമരം നടത്താൻ പാടില്ലേയെന്ന് അദ്ദേഹം ചോദിച്ചു. കോളേജുകളിലും സംഘർഷം നടക്കുന്നു. ഇത് ധാർഷ്ട്യവും ധിക്കാരവുമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ദീപുവെന്നും വിഡി സതീശൻ പറഞ്ഞു.

ദീപുവിന്റെ മരണകാരണം ക്രൂരമർദ്ദനം തന്നെയാണെന്ന് കുന്നത്തുനാട് മുൻ എംഎൽഎ വിപി സജീന്ദ്രനും ആരോപിച്ചു.

Vadasheri Footer