ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ കെ.ജി. ബ്ലോക്ക് 29 ന് ഉദ്ഘാടനം
ഗുരുവായൂർ : ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂൾ കെ ജി ബ്ലോക്ക് ഈ അധ്യയന വർഷം പുതിയ മന്ദിരത്തിൽ . ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച കെ.ജി.ബ്ലോക്ക് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മേയ് 29 ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് ചടങ്ങ്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും.എൻ.കെ. അക്ബർ എം എൽ എ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
രണ്ടുനിലകളിലായി 12548 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ കെ.ജി.ബ്ലോക്കിൽ 12 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികളുടെ മനം തൊടുന്ന കഥാപാത്രങ്ങൾ ക്ലാസ് മുറികളെ ആകർഷണീയമാക്കു ന്നു വിശ്വരൂപിയായ ഉണ്ണിക്കണ്ണൻ്റെ ബാലലീലകളും കളി കൂട്ടുകാരൊത്തുള്ള വിനോദങ്ങളും ചുവരിനെ മനോഹരമാക്കുന്നു. കുട്ടികൾക്കേറെയിഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളും ജീവൻ തുടിപ്പോടെ ഭിത്തിയിൽ നിറയുന്നു.
ദേവസ്വം ചുവർ ചിത്ര പ0ന കേന്ദ്രത്തിലെ കലാകാരൻമാരുടെ സൃഷ്ടികളാണ് ക്ലാസ് മുറികളെ കമനീയമാക്കിയിരിക്കുന്നത്. പ്രിൻസിപ്പലിനും അധ്യാപക- അനധ്യാപകർക്കുമായി പ്രത്യേക ഓഫീസുകൾ, സ്റ്റോർ റൂം, പ്ലേ റൂം, കുട്ടികൾക്കായി പ്രത്യേകം ശുചി മുറികൾ എന്നിവയുമുണ്ട്. വിശാലമായ കളിസ്ഥലത്ത് കുട്ടികൾക്കായി പാർക്കും ഒരുക്കിയിട്ടുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച കെ.ജി.ബ്ലോക്ക് മന്ദിരത്തിൽ അഗ്നിശമന – രക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.