Madhavam header
Above Pot

കേരളതീരം വഴി എൽ ടി ടി ഇ തീവ്രവാദികൾ പാകിസ്​താനിലേക്ക് കടക്കാൻ സാധ്യത; തിരച്ചിൽ ഊർജ്ജിതമാക്കി

കൊച്ചി : ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടുകളില്‍ കേരളത്തിലേക്ക് പ്രവേശിച്ച സംഘം എല്‍ടിടിഇക്കാരെന്ന് സംസ്ഥാന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് . 13 പേരാണ് അനധികൃതമായി കൊച്ചിയില്‍ എത്തിയിരിക്കുന്നതായി റിപ്പോര്‍ട്ടുള്ളത്. പാകിസ്താനിലേക്ക് കടക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട് പറയുന്നു. ഇതിനായി എല്‍ടിടിഇ സംഘം കേരളം ഇടത്താവളമാക്കുകയാണെന്ന് പറയുന്നു.

തമിഴ്നാട്ടില്‍ നിന്നും ആലപ്പുഴ വഴിയാണ് എല്‍ടിടിഇ സംഘം കൊച്ചിയില്‍ എത്തിയതെന്ന് സംസ്ഥാന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. ജലമാര്‍ഗ്ഗം പാകിസ്താനിലേക്ക് പോകാനാണ് സാദ്ധ്യത. ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലെ ടൂറിസം കേന്ദ്രങ്ങളില്‍ ഇവര്‍ തങ്ങാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു. ഹോംസ്റ്റേ, റിസോര്‍ട്ട്, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കി. ഇതിന്‍റെ ഭാഗമായി കൊടുങ്ങല്ലൂര്‍ മുതല്‍ ചാവക്കാട് വരെയുള്ള തീരദേശങ്ങളില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ്. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തീരദേശപ്പൊലീസ് പരിശോധന നടത്തുന്നുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.

Astrologer

വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇരു ജില്ലകളിലെയും തീരമേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ശ്രീലങ്കയില്‍ നിന്നുള്ള ഈ 13 അംഗ എല്‍ടിടിഇ സംഘം ആദ്യം തമിഴ്‌നാട്ടിലാണ് എത്തിയത്. അവിടെ നിന്നുമാണ് കേരളത്തിലേക്ക് ജലമാര്‍ഗ്ഗം പ്രവേശിച്ചത് എന്നാണ് നിഗമനം.

സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലമാര്‍ഗ്ഗമോ റോഡ് മാര്‍ഗ്ഗമോ ഇത്തരത്തില്‍ ആരെങ്കിലും കടന്നുപോകുന്നുണ്ടോയെന്ന് അന്വേഷിക്കാനുള്ള നടപടിക്രമത്തിന്‍റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് ആലപ്പുഴ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ്പി എം.ജി. സാബു പറയുന്നു.

സംശയാസ്പദമായ സാഹചര്യത്തില്‍ കടലില്‍ ബോട്ടുകള്‍ കാണുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് കഴിഞ്ഞ ഏതാനും മാസങ്ങളായി അടിക്കടി ഇത്തരത്തിലുള്ള ജാഗ്രതാനിര്‍ദേശങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. എല്‍ടിടിഇക്കാര്‍ കേരളത്തെയും ഒരു ഹബ്ബാക്കി മാറ്റുകയാണോ എന്ന സംശയവും ബലപ്പെടുന്നു.

Vadasheri Footer