എക്സാലോജിക്കിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണ ഫലത്തിൽ വിശ്വാസമില്ല: മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണ ഫലത്തിൽ വിശ്വാസമില്ലെന്ന് മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു . കോടതിയിൽ മാത്രമാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് എക്സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാല് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണം. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണമുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തംഗവും മുൻ എംഎൽഎ പിസി ജോര്‍ജ്ജിന്റെ മകനുമായ ഷോൺ ജോര്‍ജ്ജ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എക്സാലോജികിനും സിഎംആര്‍എല്ലിനും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
എക്സാലോജിക്കും സിഎംആർഎല്ലുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് പരാതി ലഭിച്ചിരുന്നു. കമ്പനീസ് ആക്ട് 2013 ലെ 210.1.സി സെക്ഷൻ പ്രകാരമാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ എക്സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്ന് നേരത്തെ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ചെയ്യാത്ത സേവനത്തിനാണ് എക്സാലോജിക്ക് ഈ പണം കൈപ്പറ്റിയതെന്നായിരുന്നു കണ്ടെത്തൽ.
എന്നാൽ നൽകിയ സേവനത്തിനാണ് തുക കൈപ്പറ്റിയതെന്നായിരുന്നു മുഖ്യമന്ത്രിയും സിപിഎമ്മും വാദിച്ചത്. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തലിന് പിന്നാലെയാണ് കോർപ്പറേറ്റ് അഫേയഴ്സ് മന്ത്രാലയത്തിന്റെ നേരിട്ടുള്ള അന്വേഷണം. ഈ അന്വേഷത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയാൽ, സിരീസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം ഏറ്റെടുക്കും.