
ബ്രഹ്മംകുളം കഴുമല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

ഗുരുവായൂര്‍: ബ്രഹ്മംകുളം കഴുമല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ഏഴുപവന്‍ സ്വര്‍ണ്ണാഭരണങ്ങളും, ഒന്നര ലക്ഷത്തോളം രൂപയുമാണ് മോഷ്ടാവ് കൊള്ളയടിച്ചത്. ആറുമണിയ്ക്കാണ് ദിവസവും ക്ഷേത്രനട തുറക്കാറുള്ളത്. രാവിലെ അഞ്ചരയോടെ ഓഫീസ് ജീവനക്കാരന്‍ കേശവദാസ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് പണവും, സ്വര്‍ണ്ണാഭരണങ്ങളും സൂക്ഷിച്ചിരുന്ന സ്റ്റോര്‍ റൂം തകതര്‍ത്ത് മോഷണം പോയ വിവരം അറിയുന്നത്. ഉടന്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ പോലീസെത്തി പരിശോധന നടത്തി.

തുടര്‍ന്ന് പോലീസ് നായ, ഫിങ്കര്‍ പ്രിന്‍ന്റ് എക്‌സപര്‍ട്ട്, ഫോറന്‍സിക് വിഭാഗം എന്നിവരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ഷട്ടറിന്റെ പകുതിഭാഗം അടര്‍ത്തിനീക്കി ഒരാള്‍ക്ക് കടക്കാന്‍ പാകത്തിലാക്കിയാണ് മോഷ്ടാവ് സ്‌റ്റോര്‍റൂമിനകത്ത് കയറിയിട്ടുള്ളതെന്ന് പോലീസ് സംശയിയ്ക്കുന്നു. ഭഗവതിയ്ക്ക് ചാര്‍ത്തുന്ന അഞ്ച് പവന്‍ തൂക്കം വരുന്ന രണ്ട് തിരുവാഭരണ മാല, അയ്യപ്പന് അണിയുന്ന അരപവന്‍ തൂക്കം വരുന്ന മണി, ഭഗവതിയ്ക്ക് ചാര്‍ത്തുന്ന രണ്ട് ഗ്രാം വീതം തൂക്കമുള്ള രണ്ട് തിലകം, വഴിപാട് വന്നതുള്‍പ്പടെ ഭഗവതിയ്ക്ക് ചാര്‍ത്താനുള്ള ഒരു പവന്‍ താലിമാല മുതലായവയാണ് ക്ഷേത്രത്തില്‍ കൊള്ളയടിയ്ക്കപ്പെട്ടത്.

ക്ഷേത്ര മതില്‍കെട്ടിനകത്തെ താഴത്തെകാവിലെ കത്തിനില്‍ക്കുന്ന ബള്‍ബ്ബ് ഊരിയെടുത്ത് തറയില്‍വെച്ച് നില ഭദ്രമാക്കിയ ശേഷമാണ് മോഷ്ടാവ് സ്‌റ്റോര്‍ റൂം തകര്‍ത്ത് അകത്ത് കയറിയതാണെന്നാണ് പോലീസ് നിഗമനം. സ്റ്റോര്‍ റൂമിന്റെ ഷട്ടര്‍ തകര്‍ത്തശേഷം, അകത്ത് കടന്ന മോഷ്ടാവ്, സ്വര്‍ണ്ണാഭരണം സൂക്ഷിച്ചിരുന്ന സ്‌റ്റോറിന്റെ ലോക്കും തകര്‍ത്ത് സ്വര്‍ണ്ണാഭരണങ്ങളും, അടുത്തുള്ള പണം സൂക്ഷിച്ചിരുന്ന അലമാര തകര്‍ത്ത് ഒന്നര ലക്ഷത്തോളം രൂപയും മോഷ്ടിച്ചു. ക്ഷേത്രത്തില്‍ സി.സി.ടി.വി ഇല്ലാത്തതിനാല്‍ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഗുരുവായൂര്‍ പോലീസ് പരിശോധിച്ചുവരികയാണ്.

