കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ പരാതി നല്‍കിയ സുജേഷ് കണ്ണാട്ടിനെ കാണാനില്ല .
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഒറ്റയാന്‍ സമരം നടത്തിയ മുന്‍ സിപിഎം നേതാവിനെ കാണാതായി. സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്. ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തു. ഇന്നലെ രാത്രി മുതലാണ് സുജേഷിനെ കാണാതായത്. ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇന്ന് ഉച്ചതിരിഞ്ഞാണ് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നു.
മാടായിക്കോണം ബ്രാഞ്ച് അംഗമാണ് സുജീഷ്. പരസ്യമായി പാര്‍ട്ടിക്കാരെ തിരുത്താന്‍ ശ്രമിച്ചത് ഭീഷണിക്ക് കാരണമായിരുന്നു. കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ ഒറ്റയാന്‍ സമരവും നടത്തിയിരുന്നു. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട രേഖള്‍ ഇയാളുടെ കൈയില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒറ്റയാന്‍ സമരം നടത്തിയതിന് പിന്നാലെ പാര്‍ട്ടി അയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
അതേസമയം കേസില്‍ നാല് ഭരണസിമിതി അംഗങ്ങള്‍ അറസ്റ്റിലായിരുന്നു. ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ. ദിവാകരന്‍, ബൈജു ടി എസ്, ജോസ് ചക്രംപിള്ളി, ലളിതന്‍ വി കെ എന്നിവരാണ് അറസ്റ്റിലായത്. കേസന്വേഷണം സിബിഐ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് നടക്കുന്നില്ലെന്നും പാര്‍ട്ടി തലത്തില്‍ സമ്മര്‍ദ്ദമുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്.
കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയുണ്ടായി. കൂടാതെ പ്രതികള്‍ വ്യാജ രേഖ ചമച്ച് അനധികൃതമായി വായ്‌പ്പകള്‍ പാസാക്കിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ അന്വേഷണം ഫലപ്രദമാണെന്നിരിക്കെ കേസ് സി ബി.ഐയ്ക്ക് കൈമാറേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ വാദം.
ബാങ്കിലെ മുന്‍ ജീവനക്കാരനും തൃശ്ശൂര്‍ സ്വദേശിയുമായ എം വി സുരേഷ് നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ബാങ്കില്‍ നിന്നും പുറത്താക്കപ്പെട്ട ഹര്‍ജിക്കാരന്‍ വ്യക്തിവിരോധം തീര്‍ക്കാനാണ് കോടതിയെ സമീപിച്ചതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.