കരുവന്നൂർ ബാങ്ക് തട്ടിപ്പ് ,നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലെ പിരിച്ചു വിടപ്പെട്ട ഭരണസമിതിയിലെ നാല് അംഗങ്ങൾ അറസ്റ്റിൽ. ബാങ്ക് മുൻ പ്രസിഡന്‍റ് മാടായിക്കോണം കട്ടിലപ്പറമ്പിൽ വീട്ടിൽ കെ.കെ. ദിവാകരൻ, ഭരണ സമിതി അംഗങ്ങൾ ആയിരുന്ന മാപ്രാണം ചക്രംപുള്ളി വീട്ടിൽ ജോസ് ചക്രംപുള്ളി, തളിയക്കോണം തൈവളപ്പിൽ ബൈജു, പൊറത്തിശ്ശേരി വാക്കയിൽ വീട്ടിൽ ലളിതൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം രാവിലെ വീടുകളിൽനിന്ന് അറസ്റ്റ് ചെയ്തത്.
പ്രസിഡന്‍റ് ഉൾപ്പെടെ മുഴുവൻ ഭരണസമിതി അംഗങ്ങളെയും നേരത്തെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നു. നേരത്തെ ബാങ്ക് സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ഒൻപത് ആയി
അതെ സമയം ബാങ്ക് തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി. പത്ത് ദിവസത്തിന് ശേഷം ഹർജി വീണ്ടും പരിഗണിക്കും. എതിർ സത്യവാങ് മൂലം നൽകാൻ ഹർജിക്കാർക്ക് ഹൈക്കോടതി നിർദേശം നൽകി.
കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.കേസ് സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസ് അന്വേഷണം കാര്യക്ഷമമായിയാണ് മുന്നോട്ട് പോകുന്നതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദമായിട്ടാണ് നടക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരുന്നു