കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി ,നാലു കർഷകർ അടക്കം എട്ടു പേർ കൊല്ലപ്പെട്ടു
ലഖ്നോ: യു.പിയിൽ ലഖിംപുർ ഖേരിയിലെ തനുനിയയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്രക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് മൂന്നു വാഹനങ്ങൾ പാഞ്ഞുകയറിയ സംഭവത്തിൽ നാലു കർഷകർ അടക്കം എട്ടു പേർ കൊല്ലപ്പെട്ടു. കോപാകുലരായ സമരക്കാർ നിരവധി വാഹനങ്ങൾ കത്തിച്ചു. സമരക്കാർക്കുനേരെ വെടിവെപ്പുണ്ടായി. മാധ്യമപ്രവർത്തകരടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.മന്ത്രിയുടെ അകമ്പടിക്കുപോയ സർക്കാർ, സ്വകാര്യ വാഹനങ്ങളാണ് റോഡിലൂടെ പോവുകയായിരുന്ന കർഷകർക്കുമേൽ കയറിയത്.
മന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര ഓടിച്ച വാഹനം പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു . വാഹനം കയറി നാലു കർഷകർ കൊല്ലപ്പെട്ടതിനെ തുടർന്ന് കാറിൽ ഉണ്ടായിരുന്നവരെ സമരക്കാർ വലിച്ചിറക്കി. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റു നാലു പേർ മരിച്ചത്.യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര എന്നിവർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടി ഞായറാഴ്ച ലഖിംപുരിലെ ബൻവീറിൽ നിശ്ചയിച്ചിരുന്നു. ഇതിനായി ലഖിംപുരിലെ മഹാരാജ അഗ്രസൻ സ്പോർട്സ് ഗ്രൗണ്ട് ഹെലിപാഡിൽ മന്ത്രിമാർ ഇറങ്ങുന്നുവെന്ന് അറിഞ്ഞതിനെ തുടർന്ന് ഹെലിപാഡ് ഉപരോധിക്കാൻ ഒട്ടേറെ കർഷകർ കരിങ്കൊടിയേന്തിയെത്തി.
ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര ലഖിംപുർ ഖേരിക്കാരനാണ്. കർഷക സമരത്തിനു പിന്നിൽ 10, 15 പേർ മാത്രമാണെന്നും അവരെ വഴിക്കു കൊണ്ടുവരാൻ രണ്ടു മിനിറ്റു മാത്രം മതിയെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന കർഷകരെ ചൊടിപ്പിച്ചിരുന്നു. കർഷകർ ഹെലിപാഡ് ഉപരോധിക്കുന്നതറിഞ്ഞ് മന്ത്രിമാർ ഹെലികോപ്ടർ ഉപേക്ഷിച്ച് യാത്ര റോഡിലൂടെയാക്കി. ഇതോടെ ഉപരോധത്തിനെത്തിയ കർഷകർ പിരിഞ്ഞുപോകുന്നതിനിടെയാണ് അവർക്കിടയിലേക്ക് വാഹനങ്ങൾ ഓടിച്ചുകയറ്റിയത്. കർഷകർക്കുമേൽ കാർ കയറ്റുകയായിരുന്നുവെന്നും ആസൂത്രിതമായ സംഭവമാണ് നടന്നതെന്നും സംയുക്ത കിസാൻ മോർച്ച നേതാക്കൾ ആരോപിച്ചു.
സംഭവത്തെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന ലഖിംപുരിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചു. പ്രദേശത്ത് വൻപൊലീസ് സന്നാഹത്തെ വിന്യസിച്ചു. വിവരമറിഞ്ഞ് രാകേഷ് ടികായത് അടക്കം കർഷക നേതാക്കൾ അവിടെയെത്തി.തിങ്കളാഴ്ച രാജ്യവ്യാപകമായി കലക്ടറേറ്റുകൾക്കു മുന്നിൽ ഉപരോധം സംഘടിപ്പിക്കാൻ കർഷക നേതാക്കൾ ആഹ്വാനം ചെയ്തു. സംഭവത്തെക്കുറിച്ച് സുപ്രീംകോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത്തരത്തിലാണ് സമരത്തെ നേരിടുന്നതെങ്കിൽ ബി.ജെ.പിക്കാർ വഴിയിലൂടെ പോവില്ലെന്നും വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും സമാജ്വാദി പാർട്ടി മുന്നറിയിപ്പുനൽകി