അനധികൃത കള്ള് ഷാപ്പ് കെട്ടിടം പൊളിച്ചു മാറ്റാന്‍ നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു.
ചാവക്കാട് : നിരന്തര സമരങ്ങള്‍ക്കൊടുവിൽ വിവാദമായ ബ്ലാങ്ങാട് ബീച്ചിൽ പുറമ്പോക്ക് ഭൂമിയിലെ അനധികൃത കള്ള് ഷാപ്പ് കെട്ടിടം പൊളിച്ചു മാറ്റാന്‍ ചാവക്കാട് നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു.ഏഴു ദിവസത്തിനകം കെട്ടിടം പൊളിച്ചു മാറ്റണമെന്നാണ് നഗരസഭ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. മദ്യനിരോധന സമിതി, ഇന്‍കാസ്, പൗരാവകാശ വേദി എന്നീ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സിലിനുള്ളിലും പുറത്തും ഒട്ടേറെ സ്മരങ്ങള്‍ നടത്തിയിരുന്നു.
സംയുക്ത സമര സമിതി പ്രവര്‍ത്തകനും ഇന്‍കാസ് സ്റ്റേറ്റ് സെക്രട്ടറിയുമായ സി സാദിഖ് അലി കെട്ടിടത്തിന്റെ നിയമസാധുതയെ കുറിച്ച് 2021 ഡിസംബര്‍ 13 ന് വിവരാവകാശ നിയമ പ്രകാരം നഗരസഭയില്‍ അപേക്ഷ നല്‍കിയതോടുകൂടിയാണ് ഇത് നിയമ വിരുദ്ധമായ അനധികൃത കെട്ടിടമാണെന്ന് അറിയുന്നത്. പിന്നീട് നടത്തിയ നിയമപോരാട്ടങ്ങള്‍ക്കും സമരപരമ്പരകള്‍ക്കും ശേഷമാണ് ഇപ്പോള്‍ ഷാപ്പ അടയ്ക്കാന്‍ തീരുമാനമായത്.
കള്ള് ഷാപ്പ് അടപ്പിക്കാന്‍ നഗരസഭക്ക് എല്ലാ അധികാര അവകാശങ്ങളുമുണ്ടായിരിക്കെ മദ്യലോബിക്ക് സംരക്ഷണമൊരുക്കുന്ന നയമാണ് നഗരസഭാധികാരികള്‍ തുടക്കം മുതല്‍ സ്വീകരിച്ചതെന്നും എന്നാല്‍ ശക്തമായ ജനവികാരത്തിന് മുന്നില്‍ നഗരസഭക്ക് കീഴടങ്ങേണ്ടിവരികയായിരുന്നെന്നും സംഘടനാ ഭാരവാഹികളായ മദ്യനിരോധന സമിതി താലൂക്ക് പ്രസിഡന്റ് തോമസ് ചിറമ്മല്‍, ഇന്‍കാസ് സംസ്ഥാന സെക്രട്ടറി സി സാദിഖ് അലി, പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം എന്നിവര്‍ പറഞ്ഞു.