കുതിരാൻ പാതയിൽ വിള്ളൽ, കൽക്കെട്ട് നിർമാണത്തിൽ അപാകതകളുണ്ടെന്ന് റിപ്പോർട്ട്.
തൃശൂർ : മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത കുതിരാൻ പാതയിൽ വിള്ളൽ കണ്ടെത്തിയ കൽക്കെട്ട് നിർമാണത്തിൽ അപാകതകളുണ്ടെന്ന് ദേശീയ പാത അതോറിറ്റിയുടെ കണ്ടെത്തൽ. പാര്‍ശ്വ ഭിത്തി നിര്‍മാണത്തില്‍ അപാകതയെന്നും പദ്ധതിരേഖയനുസരിച്ചല്ല നിര്‍മാണം പ്രവര്‍ത്തനം നടന്നതെന്നും സ്ഥലം പരിശോധിച്ച ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ ബിപിൻ മധുവിൻറെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് കളക്ടർക്ക് കൈമാറി.
അടുത്ത മണ്‍സൂണിന് മുമ്പ് പാര്‍ശ്വ ഭിത്തി ബലപ്പെടുത്തണം, പാര്‍ശ്വഭിത്തിയുടെ ചെരിവിന്‍റെ അനുപാതം വര്‍ധിപ്പിക്കണം, വിള്ളലുണ്ടായ റോഡ് തുരന്ന് പരിശോധന നടത്തണം, ഈ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തല്‍ നടത്തണം, പാര്‍ശ്വഭിത്തി വലിപ്പം കൂട്ടുന്നത് സര്‍വീസ് റോഡിനെ ബാധിക്കും, സര്‍വീസ് റോഡിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടതായി വരുമെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്ത കുതിരാൻ തുരങ്കത്തിലെ അപ്രോച്ച് റോഡിൽ വിള്ളൽ വീഴുകയും, സംരക്ഷണഭിത്തി തകരുകയും ചെയ്തതിനെ തുടർന്നാണ് പരിശോധന.
കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച റവന്യൂ മന്ത്രി കെ രാജനും കലക്ടർ ഹരിത വി കുമാറും തകർച്ചയെ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശം നല്കിയിരുന്നു. തുടർന്നാണ് എൻഎച്ച്എ ഡയറക്ടർ പരിശോധിച്ചത്. തിങ്കളാഴ്ച മന്ത്രി കെ.രാജൻറെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും.