കളഭത്തിൽ ആറാടി കണ്ണൻ ,ദർശന സായൂജ്യത്തിനായി വൻ ഭക്തജന തിരക്ക്
ഗുരുവായൂർ : മണ്ഡലകാല സമാപന ദിനത്തിൽ ഗുരുവായൂരപ്പന് കളഭാഭിഷേകം. കളഭത്തിലാറാടിയ കണ്ണനെ കാണാൻ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. മണ്ഡലകാലം നാൽപത് ദിവസം പഞ്ചഗവ്യം അഭിഷേകം നടന്ന ശേഷമായിരുന്നു നാല്പത്തൊന്നാം ദിനമായ ഇന്നലെ ഭഗവത് വിഗ്രഹത്തിൽ കളഭാഭിഷേകം നടന്നത്. ഉച്ചപൂജയ്ക്ക് മുമ്പ് 13 കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാർ ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കളഭക്കൂട്ട് വാദ്യങ്ങളുടെ അകമ്പടിയോടെ നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിച്ച് സ്വർണ്ണ കുംഭത്തിൽ നിറച്ചു.
തുടർന്ന് കലശപൂജ നടത്തിയ ശേഷം ആദ്യം നവകാഭിഷേകം നടത്തി. തുടർന്നായിരുന്നു ഭഗവത് വിഗ്രഹത്തിൽ കളഭം അഭിഷേകം ചെയ്തത്. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട് ആണ് കള ഭാഭിഷേകം നടത്തിയത് കോഴിക്കോട് സാമൂതിരിയുടെ വഴിപാടായാണ് കളഭാഭിഷേകം നടത്തുന്നത്. മൈസൂർ ചന്ദനം, കശ്മീർ കുങ്കുമപൂവ്, കസ്തൂരി, പച്ചകർപ്പൂരം എന്നിവ പനിനീരിൽ ചാലിച്ചാണ് കളഭക്കൂട്ട് തയ്യാറാക്കുന്നത്. സാധാരണ ദിനങ്ങളിൽ കളഭം തയ്യാറാക്കുന്നതിന്റെ ഇരട്ടി അനുപാതത്തിലാണ് ഇവ ചേർക്കുക.
ദിവസവും ഗുരുവായൂരപ്പന് കളഭം ചാർത്താറുണ്ടെങ്കിലും വർഷത്തിൽ മണ്ഡലപൂജ ദിവസം മാത്രമാണ് കളഭാഭിഷേകം നടക്കുക. കളഭത്തിലാറാടി നിൽക്കുന്ന ഗുരുവായൂരപ്പനെ ദർശിക്കുന്നതിന് ഇന്നലെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. കളാഭിഷേകം ദർശിക്കുന്നതിനായി ഭരണസമിതി അംഗം കൂടിയായ സാമൂതിരി പ്പാടിന്റെ കുടുംബാംഗങ്ങൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. കളഭാഭിഷേകം നടക്കുന്ന സമയത്ത് നാലമ്പലത്തിനകത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചില്ല
. നാളെ പുലർച്ചെ നിർമ്മാല്യ ദർശനത്തിന് ശേഷം ഭഗവത് വിഗ്രഹത്തിൽ നിന്നും മാറ്റുന്ന കളഭത്തിന്റെ ഒരു ഭാഗം ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും.
ഫോട്ടോ : ഉണ്ണി ഭാവന