അപരനെ പിൻവലിപ്പിക്കാൻ കോഴ , കെ സുരേന്ദ്രനെതിരെ കേസ് എടുത്തു.
കാസര്‍കോട്: നാമിനിർദ്ദേശ പത്രിക പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകിയെന്ന പരാതിയിൽ കെ സുരേന്ദ്രനെതിരെ കേസെടുത്തു. ഐപിസി 171 (B), 171 (E) വകുപ്പുകള്‍ അനുസരിച്ച് ബദിയടുക്ക പൊലീസാണ് കേസെടുത്തത്. ബിജെപി നേതാക്കൾ വീട്ടിലെത്തി രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്ന് സുന്ദര മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥി വിവി രമേശൻ കാസർകോട് കോടതിയിൽ അപേക്ഷ നൽകി. പരാതിക്കാരന്റെ വാദം കേട്ട കോടതി സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി നൽകുകയായിരുന്നു. നിലവിലെ എഫ്ഐആറിൽ സുരേന്ദ്രനെതിരെ മാത്രമാണ് കേസ്. ഐപിസി 172 (B) വകുപ്പ് പ്രകാരം സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ പൊലീസിനാകില്ല. അതിന് കോടതിയുടെ അനുമതി വേണം. എന്നാൽ ബദിയടുക്ക പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പത്രിക പിൻവലിക്കാന്‍ ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ തട്ടിക്കൊണ്ട് പോയെന്നും ഭീഷണിപ്പെടുത്തിയെന്നും സുന്ദര മൊഴി നൽകിയിട്ടുണ്ട്.
ഇതുൾപ്പെടുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൂടി എഫ്ഐആറിനൊപ്പം ചേർക്കുമ്പോൾ കേസിൽ തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. സുന്ദരയുടെ മൊഴിയനുസരിച്ച് പണം നൽകാൻ വീട്ടിലെത്തിയ ബിജെപി സംഘത്തിലുണ്ടായിരുന്ന സുനിൽ നായ്ക്, സുരേഷ് നായക്, അശോക് ഷെട്ടി എന്നിവരെയും പ്രതി ചേർക്കാനാണ് പൊലീസ് നീക്കം