Header

കേരള കോൺഗ്രസ് നേതാവ് കെ എം .മാണി വിടവാങ്ങി

കൊച്ചി: കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ നില ഗുരുതരമായി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുകയുമായിരുന്നു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല.

Astrologer

കരിങ്കോഴയ്ക്കൽ മാണി മാണി എന്ന കെ എം മാണി. ആ പേരിന് പിന്നാലെ തുന്നിച്ചേർത്ത ബഹുമതികൾ ചില്ലറയല്ല. പാലായുടെ സ്വന്തമായിരുന്നു കെ എം മാണി. ‘മാണി സാർ’ എന്ന് സ്നേഹപൂർവം പാലാക്കാർ വിളിച്ച ആ രാഷ്ട്രീയക്കാരന് തന്‍റെ മേഖലയുടെ ധനശാസ്ത്രമടക്കം സകലതും മനപ്പാഠമായിരുന്നു, അക്ഷരാർത്ഥത്തിൽത്തന്നെ!

ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13 പ്രാവശ്യം), 1980 മുതൽ 86 വരെ തുടർച്ചയായി ഏഴ് ബജറ്റ് അവതരിപ്പിച്ചും റെക്കോഡ്, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന റെക്കോഡ്, മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിലും റെക്കോഡ് – 11 പ്രാവശ്യം, ഒരേ നിയോജകമണ്ഡലത്തെ ഏറ്റവും കൂടുതൽ പ്രതിനിധീകരിച്ച റെക്കോഡ് (1965 മുതൽ പാലാ മണ്ഡലത്തിൽനിന്ന് തുടർച്ചയായ വിജയം (13 തവണയാണ്, ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല), ഏറ്റവും കൂടുതൽ കാലം നിയമ വകുപ്പും ധനവകുപ്പും കൈകാര്യം ചെയ്ത റെക്കോഡ്, ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം ( 54 വർഷം), ഏറ്റവും കൂടുതൽ തവണ നിയമസഭാംഗം (13).

കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന് ബദലായി അധ്വാനവർഗ്ഗ സിദ്ധാന്തം അവതരിപ്പിച്ച കെ എം മാണിയുടെ പദ്ധതികളാണ് വെളിച്ച വിപ്ലവം, സാമൂഹിക ജലസേചന പദ്ധതി, റവന്യൂ ടവർ, കർഷക – കർഷകത്തൊഴിലാളി പെൻഷൻ, കാർഷിക കടം എഴുതിത്തള്ളൽ, കാരുണ്യ ലോട്ടറി എന്നിവ.

ആഭ്യന്തരം, റവന്യൂ, ധനകാര്യം, നിയമം, ജലവിഭവം, വൈദ്യുതി, തുറമുഖം, നഗരവികസനം, ഭവനനിർമ്മാണം, ഇൻഫർമേഷൻ എന്നീ വകുപ്പുകൾ പല തവണ കൈകാര്യം ചെയ്തു കെ എം മാണി.

1933 ജനുവരി 30ന് കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായാണ് കെ എം മാണിയുടെ ജനനം. കമ്മ്യൂണിസ്റ്റുകാരനായ യു വി ചാക്കോയുടെ സഹായത്തോടെ മാണി എറണാകുളം സേക്രഡ് ഹാർട്ട് കോളേജിൽ പ്രവേശനം നേടി. ബിരുദത്തിന് ശേഷം മദ്രാസ് ലോ കോളേജിൽനിന്ന് നിയമബിരുദവും നേടി.1955 – ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദ മേനോന്റെ കീഴിൽ അഭിഭാഷകനായി, കോൺഗ്രസ് രാഷ്ട്രീയത്തിലും സജീവമായി.1959 – കെപിസിസി അംഗം.

1964 ഒക്ടോബർ 8 – പി.ടി.ചാക്കോയുടെ നിര്യാണത്തെത്തുടർന്ന് കെ എം ജോർജിന്‍റെ നേതൃത്വത്തിൽ കോൺഗ്രസിൽ നിന്ന് 15 എംഎൽഎമാർ രാജിവെച്ചു. കോട്ടയത്ത് ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിൽ യോഗം ചേർന്നു. പിറ്റേന്ന് കെ എം ജോർജ് ചെയർമാനായി കേരള കോൺഗ്രസ് പിറന്നു. അന്ന് കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്ന മാണി യോഗത്തിൽ പങ്കെടുത്തില്ല.

1965 മാർച്ച് – നിയമസഭാ തിരഞ്ഞെടുപ്പിൽ കെ എം മാണി കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി പാലായിൽ നിന്ന് വിജയിച്ചു. കേരള കോൺഗ്രസ് 26 സീറ്റിൽ വിജയിച്ചെങ്കിലും ആർക്കും ഭൂരിപക്ഷം ലഭിക്കാഞ്ഞതിനാൽ സർക്കാർ രൂപീകരിച്ചില്ല.

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ കേരളാ കോൺഗ്രസ് ഇടത് ചേരിയിലായിരുന്നു. കെ എം ജോർജും ബാലകൃഷ്ണപിള്ളയും ജയിലിലായി. കെ എം മാണി ഒളിവിൽ പോയി. എന്നാൽ ഡിസംബറിൽ ജോർജിനെയും പിള്ളയെയും മോചിപ്പിച്ച് ദില്ലിയിലെത്തിച്ച് അച്യുത മേനോൻ മന്ത്രിസഭയിൽ ചേരാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു.

പാർട്ടി ചെയർമാനും പാർലമെൻററി പാർട്ടി നേതാവും ഒരാളായിരിക്കാൻ പാടില്ലെന്ന സിദ്ധാന്തം മുന്നോട്ട് വെച്ച് ജോർജിനെ വെട്ടി മാണി മന്ത്രിയായി. 1975 ഡിസംബർ 26-ന് കെ എം മാണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം ബാലകൃഷ്ണ പിള്ളയും.

6 മാസത്തിനകം തന്നെ പിള്ളയെ രാജി വെപ്പിച്ച് 1976 ജൂൺ 26-ന് ജോർജ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബാലകൃഷ്ണപിള്ള പാർട്ടി ചെയർമാനായി. 1976 ഡിസംബർ 11-ന് കെ എം ജോർജ് അന്തരിച്ചു.

1977-ൽ പാർട്ടി നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കേരളാ കോൺഗ്രസിൽ ആദ്യ പിളർപ്പ്. പിള്ളയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് ബി നിലവിൽ വന്നു. 1977-ലെ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് 20 സീറ്റ് നേടി, കരുണാകരൻ മന്ത്രിസഭയിൽ മാണി ആഭ്യന്തര മന്ത്രിയായി, പാർട്ടി ചെയർമാനുമായി. രാജൻ കേസിനെത്തുടർന്ന് കരുണാകരൻ രാജി വെച്ച് എ കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോഴും മാണി ആഭ്യന്തര മന്ത്രിയായി തുടർന്നു. എന്നാൽ പാലായിലെ തിരഞ്ഞെടുപ്പ് കേസിനെത്തുടർന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നു. 1977 ഡിസംബർ 21-ന് പി ജെ ജോസഫ് ആഭ്യന്തര മന്ത്രിയായി.

മാണി കേസ് ജയിച്ച് തിരികെയെത്തിയപ്പോൾ ജോസഫ് മന്ത്രിസ്ഥാനം ഒഴിഞ്ഞു, സപ്തംബർ 16-ന് മാണി വീണ്ടും മന്ത്രിയായി. പക്ഷെ പാർട്ടി ചെയർമാൻ സ്ഥാനം ജോസഫ് ആവശ്യപ്പെട്ടു.
1979-ൽ പി.ജെ.ജോസഫിനോട് തെറ്റി, മാണി പാർട്ടി പിളർത്തി കേരള കോൺഗ്രസ് എം രൂപീകരിച്ചു. അന്ന് തൊട്ട് ഇരട്ടപ്പദവി വേണ്ട എന്ന വാദം പാർട്ടിയിലില്ലാതായി. മാണി ഗ്രൂപ്പ് യൂഡിഎഫിൽ നിന്നു. പി.ജെ.ജോസഫിന്‍റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എൽഡിഎഫിലെത്തി.

1980-ൽ എകെ ആൻറണി പക്ഷം ഇടതുപക്ഷത്തേക്ക് മാറിയപ്പോൾ മാണി ഗ്രൂപ്പും എൽഡിഎഫിലെത്തി, നായനാർ മന്ത്രിസഭയിൽ മന്ത്രിയുമായി. കേരളാ കോൺഗ്രസ് യുഡിഎഫിലുമെത്തി. എന്നാൽ 1982-ൽ മാണി മന്ത്രിസ്ഥാനം രാജിവെച്ചു. മാണി ഗ്രൂപ്പ് യുഡിഎഫിലെത്തി. പിള്ള ഗ്രൂപ്പും യുഡിഎഫിലെത്തി. മൂന്ന് ഗ്രൂപ്പുകളും പ്രത്യേകമായി യുഡിഎഫിൽ നിന്നു. യുഡിഎഫ് മന്ത്രിസഭയിൽ മാണി ധനമന്ത്രി, ജോസഫ് റവന്യൂ മന്ത്രി, പിള്ള ഗതാഗത മന്ത്രി. മാണി ഗ്രൂപ്പിലെ ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയുമായി.

1986-87 ൽ മാണി അവതരിപ്പിച്ച ബജറ്റ് വിവാദമായി. മിച്ച ബജറ്റെന്നു പറഞ്ഞ് മാണി അവതരിപ്പിച്ച ബജറ്റ് കമ്മി ബജറ്റ് തന്നെയെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പിന്നെ കെ എം മാണിക്കതിരെ വന്ന പ്രമാദമായ അഴിമതിയാരോപണം ബാർ കോഴക്കേസാണ്. പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കെ എം മാണിക്ക് കോഴ കൊടുത്തെന്ന് 2014-ൽ ബിജു രമേശ് ആരോപണം ഉന്നയിച്ചു. തുടർന്ന് ബാഴക്കോഴ കേസിൽ വിജിലൻസ് അന്വേഷണം നേരിട്ടു.

മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സമരത്തിനിടെ മാണി തന്‍റെ 13ആം ബജറ്റും അവതരിപ്പിച്ചത് കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ പ്രതിഷേധങ്ങൾക്ക് നടുവിലായിരുന്നു. ഒടുവിൽ, ഹൈക്കോടതി വിമർശനത്തെത്തുടർന്ന് 2015 നവംബർ 10-ന് ഉമ്മൻചാണ്ടി മന്ത്രിസഭയിൽനിന്ന് മാണി മന്ത്രിസ്ഥാനം രാജിവെച്ചു. ഇതിന് മുൻപ് മാണി അഴിമതി ആരോപണം നേരിട്ടതാകട്ടെ പാലായിലെ പാലാഴി റബ്ബർ ഫാക്ടറിക്ക് സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു.

2016 ആഗസ്തിൽ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് കേരള കോൺഗ്രസ് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി. 2018 ജൂൺ 8-ന് യുഡിഎഫിൽ തിരിച്ചെത്തി, അതും മകൻ ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നേടിക്കൊടുത്തുകൊണ്ട്. 2019-ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിലും ജോസഫിനെ വെട്ടി തന്‍റെ ഗ്രൂപ്പുകാരനെ സ്ഥാനാർത്ഥിയാക്കാൻ മാണിക്ക് കഴിഞ്ഞു.
1957-ലായിരുന്നു മാണിയുടെ വിവാഹം. ഭാര്യ കുട്ടിയമ്മയെന്ന അന്നമ്മ മാണി. മക്കൾ ജോസ് കെ മാണി എംപി, എൽസമ്മ, സാലി, ആനി, ടെസ്സി, സ്മിത.