ജൂബിലി ആശുപത്രിയിലെ ചികിത്സാ പിഴവ് : അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തൃശൂർ : രാത്രികളിലുണ്ടാകുന്ന ബോധക്ഷയത്തിന് ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിക്ക് ചികിത്സാ പിഴവുണ്ടായെന്ന പരാതിയെക്കുറിച്ച് അനേ്വഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തൃശുർ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസറും ചികിത്സാപ്പിഴവിനെ കുറിച്ച് അനേ്വഷിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. 30 ദിവസത്തിനകം അനേ്വഷണ റിപ്പോർട്ട് സമർപ്പിക്കണം. കേസ് അടുത്തമാസം തൃശൂരിലെ സിറ്റിങിൽ പരിഗണിക്കും.കണ്ണൂർ സ്വദേശി മുജീബ് റഹ്മാൻ നൽകിയ പരാതിയിലാണ് നടപടി.
തൃശൂർ ജൂബിലി മിഷൻ ആശുപത്രിക്കെതിരെയാണ് പരാതി. ഐ. സി.യു.വിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് ചില കുത്തിവെയ്പ്പുകൾ നൽകി. ആശുപത്രിയിൽ നിന്നും വിട്ടയച്ച ശേഷം ശരീരത്തിൽ പാടുകൾ പ്രതൃക്ഷമായി. പാടുകൾക്ക് കാരണം അഞ്ചാംപനിയാണെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ അഞ്ചാംപനിയുടെ ലക്ഷണങ്ങൾ കാണാത്തതു കാരണം മറ്റൊരു ഡോക്ടറെ കാണിച്ചു. കുട്ടിക്കു നൽകിയ മരുന്നുകളുടെ പാർശ്വഫലമാണ് ശരീരത്തിലെ പാടുകളെന്ന് ഡോക്ടർ പറഞ്ഞു.