വനിതകളുടെ ജുമ നടത്തി വിപ്ലവം സൃഷ്ടിച്ച ജാമിദ ടീച്ചർ ഇസ്ലാം മതം ഉപേക്ഷിക്കുന്നു
തിരുവനന്തപുരം: ആദ്യമായി വനിതകളുടെ ജുമ നടത്തി വിപ്ലവം സൃഷ്ടിക്കുകയും , ഇസ്ലാമിക പരിഷ്‌ക്കര്‍ത്താവ് ആയി അറിയപ്പെടുകയും ചെയ്തിരുന്ന ജാമിദ ടീച്ചറും ഒടുവില്‍ മതം ഉപേക്ഷിക്കുന്നു. താന്‍ നിരന്തരമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ഖുര്‍ആന്‍ ദൈവികമല്ലെന്ന കണ്ടെത്തിയെന്നും, ശപിക്കുകയും പത്യേക മതക്കാരോട് കോപിക്കുകയും അവര്‍ക്ക് അയിത്തം കല്‍പ്പിക്കുകയും ചെയ്യുന്ന ദൈവത്തെ തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു
പോസ്റ്റിന്റെ പൂർണ രൂപം
എന്റെ നിലപാടുകൾ എനിക്കാരെയും എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടുന്ന നിർബന്ധമില്ല. അത് വ്യക്തമാണ്. കൃത്യമാണ്. അങ്ങേയറ്റം സുതാര്യമാണ്: എനിക്ക് രാഷ്ട്രിയമുണ്ട് :എന്നാൽ ഞാനൊരു രാഷ്ട്രിയ പാർട്ടിയുടെയും ചട്ടുകമല്ല.
ഞാൻ കല്പിതകഥയിലെ സ്വർഗ്ഗക്കാരിയായ വിജയിയാണ്. എന്നാൽ ഞാൻ വാദിക്കുന്നത് മുഴുവൻ മനുഷ്യന്റെയും സമത്വത്തിന് വേണ്ടിയാണ്. ഞാൻ ഒരു സ്ത്രീയാണ് .ഞാൻ നിലകൊള്ളുന്നത് സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയും അക്രമിക്കപ്പെടുന്നവരുടെ നീതിക്കുവേണ്ടിയാണ്. ഞാൻ ജന്മം കൊണ്ട് മുസ് ലിമാണ്. കർമ്മം കൊണ്ടും വിവേചനബുദ്ധികൊണ്ടും മനുഷ്യനാണ്. ഞാൻ പഠിച്ചതും അറിഞ്ഞതും എന്റെ മത പ്രമാണങ്ങളെ കുറിച്ചാണ്.ഏറ്റവും വിമർശിക്കുന്നതും വ്യക്തമായ അറിവുള്ള വിഷയങ്ങളെ കുറിച്ച് മാത്രമാണ് ‘. അറിഞ്ഞ ഞാൻ അനുഭവിച്ച മതത്തിലെ വിവേചനങ്ങൾ, അനീതികൾ, അവഗണനകൾ…… അതൊക്കെ എന്നെ എന്റെ മതത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ പ്രേരിപ്പിച്ചു.
ആദ്യം ഖുർആനും ഹദീസും പഠിച്ചു, പഠിപ്പിച്ചു.
പിന്നീട് ചിലഹദീസുകൾ ഖുർആനിന് എതിരാണെന്ന് മനസിലാക്കി. അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കി. പ്രത്യേകിച്ച് 6 ഹദീസ് ഗ്രന്ഥങ്ങളും 6 ഹദീസ് പണ്ഡിതൻമാരെയും കുറിച്ചുള്ള ചരിത്രങ്ങളും.
ഹദീസ് പ്രമാണമല്ല എന്ന് ഖുർആനിലുടെ കണ്ടെത്തി.
ശേഷം ഖുർആനിനെ കുറിച്ച് കൂടുതൽ ആഴത്തിൽ മനസിലാക്കാൻ ശ്രമം നടത്തി. അത് ദൈവികമല്ലെന്ന കണ്ടെത്തലിലാണ് ഞാനെത്തിച്ചേർന്നത്.
ശപിക്കുന്ന ദൈവം,
ഇല്ലാത്ത ദൈവങ്ങളെ ആരാധിച്ചാൽ തീയിലിച്ച് കത്തിക്കുന്ന ദൈവം, അരൂപിയെങ്കിലും സിംഹാസനത്തിലിരിക്കുന്ന ദൈവം, കോപിക്കുന്ന ദൈവം, പ്രത്യേക മതക്കാരോട് കോപിക്കുകയും അവർക്ക് അയിത്തം കൽപ്പിക്കുകയും ചെയ്യുന്ന ,പറയുന്നത് വിശ്വസിപ്പിക്കാൻ അത്തിപ്പഴം കൊണ്ട് സത്യം ചെയ്യുന്ന ദൈവം, നബിക്ക് വേണ്ടി നമസ്കരിക്കുന്ന ദൈവം,നബിക്ക് കാരുണ്യം ദൈവത്തിന്റെത് പോരെന്ന് മനസിലാക്കി മലക്കുകളെയും വിശ്വാസികളെയും കൊണ്ട് പ്രാർത്ഥിപ്പിക്കുന്ന ദൈവം…………
അങ്ങനെ ധാരാളം……..തെമ്മാടിത്തരം കാണിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ എന്റെ ചുണ്ടുവിരൽ ഉയർന്നെന്നിരിക്കും ഉയിര് പോയാലും :ഇതാണ് ഞാൻ. യോജിപ്പില്ലാത്തവർക്ക് സൗഹൃദം വിടാം.:കാരണം എനിക്ക് ഞാനാകാനേ കഴിയൂ.എന്റെ പ്രകൃതവും അതാണ്: നൂറുവർഷമുള്ള അടിമ ജീവിതം എനിക്കു വേണ്ടാ.മരിച്ച ശേഷം ഉറപ്പില്ലാത്ത മുത്തും പവിഴവുമുള്ള കൊട്ടാരവും മന്തി ബിരിയാണിയും വേണ്ട. ഇപ്പോൾ കിട്ടുമെന്നു റപ്പുള്ള കഞ്ഞിയും ചമ്മന്തിയും മതി.ഒരു ദിവസമെങ്കിലും മനുഷ്യനായി ജീവിക്കണമെന്നേയുള്ളൂ………
സൗഹൃദ ചർച്ചകൾക്ക് തയ്യാറാണ്.
സമയം നിശ്ചയിക്കുക. രണ്ട് പക്ഷത്തുമല്ലാത്ത മീഡിയേറ്ററും.
ജാമിദ ടീച്ചർ.