ജഗദാനന്ദ കാരകാ …”ടി.എം. കൃഷ്ണ പാടി; ഭക്തിയിലലിഞ്ഞ് ആസ്വാദക ഹൃദയങ്ങൾ
ഗുരുവായൂർ : ജഗദാനന്ദകാരകനായ ശ്രീഗുരുവായൂരപ്പന് സ്തുതിയർപ്പിച്ച് ടി.എം. കൃഷ്ണയുടെ കച്ചേരി. ചെമ്പൈ സംഗീതോത്സവ വേദിയെ ഭക്തി സാന്ദ്രമാക്കിയ വിശേഷാൽ കച്ചേരി ആസ്വാദകരെ ആനന്ദത്തിലാഴ്ത്തി.
സംഗീതോത്സവത്തിൻ്റെ പത്താം ദിനത്തെ മുഖ്യ ആകർഷണമായി കച്ചേരി മാറി.
ചെരരാവതേ… എന്ന് തുടങ്ങുന്ന ത്യാഗരാജ കൃതി രീതി ഗൗള രാഗത്തിൽ ആലപിച്ചാണ് കച്ചേരി തുടങ്ങിയത്. തുടർന്ന് ക്ഷിനിജം രമണം ചിന്തയേ ..എന്ന് തുടങ്ങുന്ന ദീക്ഷിതർ കൃതി ദേവഗാന്ധാരി രാഗം ആദിതാളത്തിൽ ആലപിച്ചു.
പിന്നീട്സാധാരണയിൽ നിന്ന് വ്യതിചലിച്ചു നാട്ട രാഗത്തിലുള്ള ത്യാഗരാജ പഞ്ചരത്ന കൃതിയായ ‘ജഗദാനന്ത കാരക… പ്രധാന കൃതിയായി ആലപിച്ചു.
ലോകത്തിനു കാരണഭൂതനും ആനന്ദം പകരുന്നവനുമായ ഭഗവാനെ സ്തുതീക്കുന്ന പഞ്ചരത്നകൃതിയുടെ ആലാപനം ആസ്വാദകരെ ഭക്തി നിറവിലാക്കി.ഭഗവത് ഭക്തിയായിരുന്നു ടി.എം. കൃഷ്ണയുടെ ആലാപനത്തിന്റെ കാതൽ….
അക്കര ശുഭലക്ഷ്മി (വയലിൻ) ,പത്രി സതീഷ് കുമാർ (മൃദംഗം), തൃപ്പുണിത്തുറ രാധാകൃഷ്ണൻ (ഘടം) എന്നിവർ പക്കമേളമൊരുക്കി.