22 കാരി ദിഷയോ രാജ്യസുരക്ഷക്ക് ഭീഷണി?… അറസ്റ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം
ദില്ലി: ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് രാജ്യത്തെ നിശബ്ദമാക്കാമെന്ന് കരുതണ്ട എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. അഭിപ്രായ സ്വതന്ത്രം ഇല്ലാതായിട്ടില്ല, അഭിപ്രായങ്ങളെ പേടിക്കുന്നത് സര്‍ക്കാര്‍മാത്രമാണെന്ന് രാഹുല്‍ പറഞ്ഞു. നിരായുധയായ പെൺകുട്ടിയെ തോക്കേന്തിയവർ ഭയപ്പെടുന്നുവെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. ദിഷയെ മോചിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
സർക്കാരിനെ വിമർശനം ഉയർത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. ദിഷയുടെ അറസ്റ്റ് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണിതെന്നും കർഷകരെ പിന്തുണയ്ക്കുന്നത് കുറ്റകൃത്യമല്ലെന്നും കെജ്‌രിവാൾ പ്രതികരിച്ചു. കപിൽ സിബലും ദിഷ രവിയുടെ അറസ്റ്റിനെ വിമർശിച്ചു. ഒരു ട്വീറ്റിലൂടെ സുരക്ഷയെ ഭീഷണിയിലാക്കാൻ മാത്രം ദുർബലമാണോ രാജ്യം എന്ന് അദ്ദേഹം ചോദിച്ചു. 22 വയസ്സുകാരി രാജ്യസുരക്ഷക്ക് ഭീഷണിയാകുമെന്ന് കരുതാൻ മാത്രം രാജ്യം ആശങ്കയിലാണോ. യുവാക്കൾ കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിൽ രാജ്യം അത്ര മാത്രം അസഹിഷ്ണുതയിൽ ആണോയെന്നും കപിൽ സിബൽ പ്രതികരിച്ചു.
ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം തുടരുകയാണ്. സംഭവത്തിൽ മുൻ പരിസ്ഥിതി മന്ത്രി ജെയ്‌റാം രമേഷ് അടക്കം നിരവധി പേർ പ്രതികരിച്ചു. അറസ്റ്റിൽ അപലപിച്ച് രാജ്യത്തെ 78 ആക്ടിവിസ്റ്റുകൾ ഒപ്പ് വെച്ച പ്രസ്താവന പുറത്തിറക്കി. പി ചിദംബരം, ശശി തരൂർ, പ്രിയങ്ക ചതുർ വേദി, സീതാറാം യെച്ചൂരി തുടങ്ങിയവരും ട്വിറ്ററിലൂടെ അറസ്റ്റിനെ അപലപിച്ചു. അതേസമയം ദിഷയെ അഞ്ച് ദിവസം റിമാൻഡ് ചെയ്ത നടപടിക്കെതിരെ വിമർശനവുമായി നിയമവിദഗ്ധർ രംഗത്തെത്തി. അഭിഭാഷകർ ഇല്ലാതെ കോടതിയിൽ ദിഷയ്ക്ക് സ്വയം വാദിക്കേണ്ടി വന്ന സാഹചര്യത്തിലാണ് വിമർശനം. ട്രാൻസിറ്റ് റിമാൻഡ് ഇല്ലാതെയാണ് ദിഷയെ ബെംഗളൂരുവിൽ നിന്ന് ദില്ലിയിൽ എത്തിച്ചതെന്നും ആക്ഷേപമുണ്ട്. കേസിലെ ആദ്യ അറസ്റ്റാണ് ദിഷയുടേത്
2018 ൽ ആരംഭിച്ച ഫ്രെയ്‌ഡേസ് ഫോർ ഫ്യുച്ചർ ( FFF) സംഘടനയുടെ സഹ സ്ഥാപകയാണ് 21കാരിയായ ദിഷ. സമൂഹ മാധ്യമങ്ങളിൽ ദിഷ ടൂൾകിറ്റ് സമര പരിപാടികൾ പ്രചരിപ്പിച്ചു എന്നാണ് ദില്ലി പൊലീസ് പറയുന്നത്. ടൂൾകിറ്റ് എഡിറ്റ് ചെയ്തുവെന്നതും അറസ്റ്റിന് കാരണമായതായി സൂചനയുണ്ട്. കർഷക സമരവുമായി ബന്ധപ്പെട്ട, പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബെയുടെ ട്വീറ്റാണ് കേസിന് ആധാരം. ജനുവരി 26ന് നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് ഗ്രെറ്റ ഒരു ടൂൾകിറ്റ് രേഖ ട്വീറ്റ് ചെയ്തു.
കർഷകസമരങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ആ കിറ്റിലുണ്ടായിരുന്നത്. ഇന്ത്യക്ക് മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും നീണ്ടകാലചരിത്രമുണ്ടെന്നും ഭരണഘടനാ ലംഘനം നടത്തിക്കൊണ്ടുള്ള അപകടകരമായ നയങ്ങളാണ് രാജ്യം പിന്തുടരുന്നതെന്നും അതിൽ പരാമർശമുണ്ടായിരുന്നു. വളരെ പെട്ടന്ന് തന്നെ ഗ്രെറ്റ എന്തായാലും ഈ ട്വീറ്റ് പിൻവലിക്കുകയും പുതിയ ടൂൾ കിറ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
വിവാദമായ ഈ കിറ്റിന് പിന്നിൽ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് പൊലീസ് വാദം. ഇന്ത്യയെയും കേന്ദ്ര സർക്കാരിനെയും അന്താരാഷ്ട്രതലത്തിൽ ആക്ഷേപിക്കുന്നതിനുള്ള ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു. ഇതിന് പിന്നിൽ സ്ഥാപിത താല്പര്യക്കാരുണ്ടെന്ന് കേന്ദ്രസർക്കാരും ആരോപിക്കുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്.