ഇറാൻ പ്രസിഡന്റ് കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയും (63) വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനും (60) ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് ഇവരുൾപ്പെടെയുള്ള സംഘത്തെ കാണാതായത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ എത്തിയത്. പ്രസിഡന്‍റും വിദേശകാര്യ മന്ത്രിയും അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. ഇവരെ കൂടാതെ, ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, ഹെലികോപ്ടർ പൈലറ്റ് എന്നിവരും കൊല്ലപ്പെട്ടു.
ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് തെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറങ്ങിയത്. ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണരും ഹെലികോപ്ടറിൽ കൂടെയുണ്ടായിരുന്നു. അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരികെ വരുംവഴിയാണ് അപകടം. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.
ദുർഘടമായ മലമ്പ്രദേശത്തെ കനത്ത മൂടൽമഞ്ഞുള്ള കാലാവസ്ഥ രക്ഷാപ്രവർത്തനം ഏറെ ശ്രമകരമാക്കിയിരുന്നു. തുർക്കിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോണാണ് മേഖലയിൽ താപനില കൂടിയ പ്രദേശം കണ്ടെത്തിയത്. തുടർന്ന് ഇവിടം കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം നടത്തി തകർന്ന ഹെലികോപ്ടർ കണ്ടെത്തുകയായിരുന്നു.