Header 1 = sarovaram
Above Pot

ഇരകളോട് പരിഹാസവും, അസഹിഷ്ണുതയും; വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണം : കെ.സുധാകരന്‍

തിരുവനന്തപുരം: പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ എം.സി ജോസഫൈനെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് കെ.സുധാകരന്‍. ജോസഫൈന്റെ പരിഗണനയില്‍ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോസഫൈനെതിരെ സുധാകരന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

Astrologer

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ എം സി ജോസഫൈന്‍ എന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഭര്‍തൃവീട്ടില്‍ പീഡനം അനുഭവിക്കുന്ന സ്ത്രീ വിളിച്ചിട്ടുണ്ടാവുക ഒരുപക്ഷേ അവസാന ആശ്രയം എന്ന നിലയില്‍ ആയിരിക്കും. അവരുടെ ഭൗതിക സാഹചര്യം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് ഒരു തല്‍സമയ ചാനല്‍ പരിപാടിയില്‍ ജോസഫൈന്‍ അവരെ അപമാനിച്ചത്. അവര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പോകാനൊ സ്വന്തമായി ഒരു ഫോണ്‍ ഉപയോഗിക്കാനെങ്കിലുമൊ ഉള്ള ഭൗതിക സാഹചര്യം ഉണ്ടൊ എന്ന കാര്യത്തില്‍ നമുക്കാര്‍ക്കും ഉറപ്പില്ല. ജോസഫൈനെ വിളിക്കാന്‍ അവര്‍ ആ ഫോണും അവസരവും നേടിയത് പോലും ഒരു പക്ഷേ പല ഭീഷണികളേയും മറികടന്നായിരിക്കാം. എല്ലാവര്‍ക്കും പോലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടാകുമെങ്കില്‍ സര്‍ക്കാര്‍ എന്തിനാണ് ഹെല്‍പ്പ് ലൈന്‍ നമ്ബറുകള്‍ പരസ്യപ്പെടുത്തിയത് എന്ന് പോലും ആലോചിക്കാനുള്ള ബോധമില്ലാത്ത വ്യക്തിയാണ് വനിതാ കമ്മിഷന്റെ തലപ്പത്ത് എന്നത് ദൗര്‍ഭാഗ്യകരമാണ്.


സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഉള്ള പ്രതീക്ഷ കൂടി നഷ്ടപ്പെടുത്തി പീഡനം അനുഭവിക്കുന്ന ഒരുപാട് പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് അടക്കം തള്ളി വിടുന്നതാണ് ജോസഫൈന്റെ ഇരയോടുള്ള ആ തല്‍സമയ പ്രതികരണം.
സിപിഎം പ്രവര്‍ത്തകര്‍ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുമ്ബൊള്‍ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണ സംഘം എന്ന നിലയില്‍ ആണ് വനിതാ കമ്മീഷന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.
ജോസഫൈനെ മാറ്റി നിര്‍ത്തി അവരുടെ പരിഗണനയില്‍ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം ഉണ്ടാകണം.

Vadasheri Footer