വിവാദമായ ഐ ഫോൺ കിട്ടിയവരുടെ ഫോട്ടോ പുറത്ത് വിട്ട് ചെന്നിത്തല

Above article- 1

തിരുവനന്തപുരം: യുഎഇ ദിനാഘോഷത്തിനിടെ ഐ ഫോൺ കിട്ടിയവരുടെ ഫോട്ടോ പുറത്ത് വിട്ട് ചെന്നിത്തല. 2019 ഡിസംബര്‍ രണ്ടിന് നടന്ന യുഎഇ ദിനാഘോഷത്തിന്‍റെ ചിത്രങ്ങൾ സഹിതമായിരുന്നു  പ്രതിപക്ഷ നേതാവിന്‍റെ വാര്‍ത്താ സമ്മേളനം.  ആഭ്യന്തരമന്ത്രിായിരിക്കെ കോടിയേരി ബാലകൃഷ്ണന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എ.പി രാജീവൻ അടക്കം മൂന്ന് പേര്‍ക്കാണ്  ആ ചടങ്ങിൽ വച്ച് ഫോൺ സമ്മാനമായി കിട്ടിയത്.എ.പി രാജീവൻ അഡീഷണൽ പ്രോട്ടോകോൾ ഓഫീസറാണ്.   ലക്കി ഡിപ്പ് വഴിയായിരുന്നു സമ്മാനം നൽകിയത്. രാജീവൻ സമ്മാനം വാങ്ങിയത് തെറ്റാണെന്ന് പറയുന്നില്ലെന്നും കോൺസുൽ ജനറൽ ആണ് ലക്കി ഡിപ്പ് സമ്മാനം കൊടുക്കാൻ ആവശ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തന്‍റെ സ്റ്റാഫിൽ പെട്ട ഹബീബിന് ലക്കി ഡിപ്പിൽ  വാച്ച് സമ്മാനമായി കിട്ടിയിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രോട്ടോകോൾ ലംഘനത്തെ കുറിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവര്‍ ആരോപണം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു. വിവാദങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് അന്നത്തെ ആ ചടങ്ങിൽ പങ്കെടുത്തത്. പ്രോട്ടോകോൾ ലംഘനം ഉറപ്പാക്കേണ്ട പ്രോട്ടോകോൾ ഉദ്യോഗസ്ഥന് തന്നെ ഫോൺ സമ്മാനമായി കിട്ടിയതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. 

Astrologer

പ്രതിപക്ഷ നേതാവ് ഐ ഫോൺ സമ്മാനമായി വാങ്ങിയെന്ന സന്തോഷ് ഈപ്പന്‍റെ വാദം ശുദ്ധ അസംബന്ധമാണ്. ഒരു ഫോൺ എവിടെയാണെന്ന് ഇപ്പോൾ കണ്ടെത്താനായി. മറ്റ് രണ്ട് ഫോണുകൾ എവിടെയാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. അത് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ എന്നല്ല ആര്‍ക്കെതിരെയും വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കാറില്ല. ഇന്നലെ കോടിയേരിക്കെതിരെ ആക്ഷേപം ഉന്നയിക്കേണ്ടി വന്നത് സഹികെട്ടത് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു. ആക്ഷേപങ്ങൾ അതിര് കടക്കുകയാണ്. വ്യക്തിപരമായും കുടുംബാംഗങ്ങളെ കുറിച്ചും എന്തിനധികം 23 വര്‍ഷം മുൻപ് മരിച്ച് പോയ അച്ഛനെ കുറിച്ച് വരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ എത്രകണ്ട് ക്ഷമിക്കാനാകുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Vadasheri Footer