
ഇന്‍ഡിഗോ ഇതുവരെ റീഫണ്ടായി തിരികെ നല്‍കിയത് 610 കോടി രൂപ

മുംബൈ: വിമാനയാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ ഇതുവരെ റീഫണ്ടായി തിരികെ നല്‍കിയത് 610 കോടി രൂപ. വിവിധ വിമാനത്താവളങ്ങളിലായി കുടുങ്ങിപ്പോയ 3,000 ബാഗേജുകള്‍ യാത്രക്കാര്‍ക്ക് കമ്പനി എത്തിച്ചുനല്‍കി. ഞായറാഴ്ച വൈകുന്നേരത്തോടെ ടിക്കറ്റ് നിരക്കുകള്‍ യാത്രക്കാര്‍ക്ക് റീഫണ്ടായി നല്കാന് ഇന്‍ഡിഗോയോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. യാത്രക്കാരുടെ ബാഗേജുകള്‍ രണ്ടു ദിവസത്തിനകം മടക്കിനല്‍കിയെന്ന് ഉറപ്പാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

ഡിസംബര്‍ 15 വരെ റദ്ദാക്കുന്ന എല്ലാ സര്‍വിസുകള്‍ക്കും മുഴുവന്‍ റീഫണ്ട് നല്‍കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. സര്‍വിസുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ പരിശ്രമിക്കുകയാണെന്നും സഹകരിക്കണമെന്നും ഇന്‍ഡിഗോ അഭ്യര്‍ഥിച്ചു. ഇന്ന് ഇന്‍ഡിഗോ 1650 സര്‍വീസുകള്‍ ആകെ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഇത് 1565 സര്‍വീസുകളും വെള്ളിയാഴ്ച ഇത് 706 സര്‍വീസുമായിരുന്നു. നേരത്തെ സര്‍വീസുണ്ടായിരുന്ന 138 വിമാനത്താവളങ്ങളില്‍ 135ലേക്കും ഇന്ന് സര്‍വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 30 ശതമാനം സര്‍വീസുകള്‍ മാത്രമാണ് സമയക്രമം പാലിച്ചതെങ്കില്‍ ഇന്ന് അത് 75 ശതമാനമായി ഉയര്‍ന്നു.

അതേസമയം വ്യോമയാന ശൃംഖല അതിവേഗം സാധാരണ നിലയിലേക്ക് മാറുന്നുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുന്നതുവരെ വിമാനങ്ങള്‍ വൈകാനോ റദ്ദാക്കാനോ സാധ്യതയുള്ളതായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം രാജ്യത്തെ മറ്റെല്ലാ ആഭ്യന്തര വിമാനക്കമ്പനികളും സുഗമമായും പൂര്‍ണ ശേഷിയിലുമാണ് പ്രവര്‍ത്തിക്കുന്നത്

