
ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യ നടത്തിയത് ഹൈടെക് യുദ്ധം : എയർ ചീഫ് മാർഷൽ

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനില്‍ ഉണ്ടാക്കിയ നാശ നഷ്ടങ്ങള്‍ വെളിപ്പെടുത്തി വ്യോമസേനാ മേധാവി. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്റെ അഞ്ച് യുദ്ധ വിമാനങ്ങളും ഒരു വലിയ വിമാനവും വെടിവച്ചിട്ടെന്നാണ് എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ്ങിന്റെ വെളിപ്പെടുത്തല്‍. ഇതാദ്യമായാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ ആക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്നത്. ബംഗളൂരുവില്‍ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം”

“ഇന്ത്യന്‍ വ്യോമസേന അതിന്റെ ചരിത്രത്തില്‍ പ്രതിയോഗികള്‍ക്ക് ഉണ്ടാക്കിയ ഏറ്റവും വലിയ നാശനഷ്ടമാണ് ഓപ്പറേഷന്‍ സിന്ദൂറിലേതെന്നും എയര്‍ ചീഫ് മാര്‍ഷല്‍ അറിയിച്ചു. അഞ്ച് യുദ്ധ വിമാനങ്ങള്‍, എലിന്റ് വിമാനമോ അല്ലെങ്കില്‍ ഒരു എഇഡബ്ല്യു & സി വിഭാഗത്തില്‍പ്പെടുന്ന ഒരു വലിയ വിമാനം (മുന്നറിയിപ്പുകള്‍ നല്‍കാന്‍ ഉപയോഗിക്കുന്നത്) എന്നിവയാണ് വ്യോമസേന വെടിവച്ചിട്ടത്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായ ഷഹബാസ് ജേക്കബാദ് എയര്‍ഫീല്‍ഡിലെ ഒരു എഫ്-16 ഹാംഗര്‍ ഭാഗികമായി തകര്‍ക്കാന്‍ കഴിഞ്ഞു. ഇവിടെ സൂക്ഷിച്ചിരുന്ന വിമാനങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കാന്‍ ഇടയുണ്ട്. മുറിദ്, ചക്ലാല തുടങ്ങി രണ്ട് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളിലും ആക്രമണം നടത്തി. എ16 എയര്‍ക്രാഫ്റ്റുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരുന്ന ഇടമാണിത്. 80 മുതല്‍ 90 മണിക്കൂര്‍ വരെ നീണ്ടുനിന്ന ഒരു ഹൈടെക് ഇന്ത്യ – പാക് സംഘര്‍ഷം ഉണ്ടാക്കിയ നാശനഷ്ടങ്ങളാണ് പാകിസ്താനെ ചര്‍ച്ചകളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത് എന്നും വ്യോമ സേന മേധാവി അവകാശപ്പെട്ടു.”

“അതൊരു ഹൈടെക് യുദ്ധമായിരുന്നു. 80 മുതല്‍ 90 മണിക്കൂര്‍ വരെ നീണ്ടുനിന്ന യുദ്ധത്തില്‍, പാകിസ്ഥാനില്‍ വലിയ നാശം വിതയ്ക്കാന്‍ കഴിഞ്ഞു. ഇനിയും പ്രകോപനത്തിന് മുതിര്‍ന്നാല്‍ വലിയ വിലനല്‍കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഡിജിഎംഒ തല ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ മുതിര്‍ന്നത്. ചര്‍ച്ചകള്‍ക്ക് താത്പര്യമുണ്ടെന്ന് സന്ദേശം ലഭിച്ചിരുന്നു എന്നും വ്യോമസേന മേധാവി അടിവരയിടുന്നു. ഇന്ത്യ – പാക് സംഘര്‍ഷം പരിഹരിക്കാന്‍ താന്‍ ഇടപെട്ടിരുന്നു എന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശ വാദം ഒരിക്കല്‍ കൂടി തള്ളുന്നതാണ് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. രാജ്യങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ശത്രുത അവസാനിച്ചതെന്ന് ഇന്ത്യന്‍ വാദം ഉറപ്പിക്കുകയാണ് വ്യോമ സേനാ മേധാവിയും.”
“ഇന്ത്യയിലെ ഭരണാധികാരികളുടെ രാഷ്ട്രീയ ഇച്ഛാശക്തിയും ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണായകമായെന്ന് വ്യോസേന മേധാവി പറഞ്ഞു. സൈനിക നീക്കങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയായിരുന്നു. ദൗത്യത്തിന് ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ചുമത്തിയിരുന്നില്ല. ദൗത്യം ആസുത്രണം ചെയ്യാനും പ്രഹരത്തിന്റെ ശേഷി തീരുമാനിക്കാനും സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നും വ്യോമസേന മേധാവി ചൂണ്ടിക്കാട്ടി.