പോസ്റ്ററുകളിൽ അച്ചടി സ്ഥാപനങ്ങളുടെ പേരും വിലാസവും വേണം
തൃശൂർ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റർ, ബാനറുകൾ, നോട്ടീസുകൾ, ലഘുലേഖകൾ എന്നിവയിൽ അച്ചടി സ്ഥാപനങ്ങളുടെ പേരും സ്ഥാപന ഉടമയുടെ പൂർണവിലാസവും രേഖപ്പെടുത്തേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. അച്ചടിച്ച് 10 ദിവസത്തിനകം അച്ചടിച്ച രേഖകളുടെ ഒരു പകർപ്പ് സഹിതം സത്യപ്രസ്താവന ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ലഭ്യമാക്കണം. സത്യപ്രസ്താവനയ്‌ക്കൊപ്പം അച്ചടിച്ച രേഖയുടെ പകർപ്പുകളുടെ എണ്ണം, ആകെ ചെലവ് എന്നിവ ഫോറം എൻ5എയിൽ അച്ചടി സ്ഥാപന ഉടമ ആധികാരികമായി സമർപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട എൻ5, എൻ5എ ഫോറങ്ങൾ സ്ഥാനാർഥികൾക്ക്/ഇലക്ഷൻ ഏജൻറിന് നൽകുന്നതാണ്. ബാനറുകൾ, ഹോർഡിംഗുകൾ സംബന്ധിച്ച പ്രൊഫോർമ ഫോറം എൻ5ബിയിലാണ് സമർപ്പിക്കേണ്ടത്.
കേരള പഞ്ചായത്ത് രാജ് ആക്ട് നിയമം വകുപ്പ് 124, കേരള മുനിസിപ്പൽ നിയമം, വകുപ്പ് 148 എന്നിവ പ്രകാരം ചട്ടലംഘനം ഗൗരവതരമായി കാണുന്നതും ഉചിതമെന്ന് കാണുന്ന പക്ഷം പ്രോസിക്യൂഷൻ നടപടികൾക്ക് പുറമെ, അച്ചടി സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്.