കൊച്ചി∙ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇദ്ദേഹം ചികിത്സയിലുള്ള നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച ശേഷമാണ് വിജിലന്‍സ് അറസ്റ്റ് നടപടികളിലേയ്ക്ക് കടന്നത്. ചികിത്സ ആവശ്യമായതിനാല്‍ അറസ്റ്റ് ചെയ്ത് കൊണ്ടു പോകാനാവില്ല എന്ന നിലപാടാണ് ഡോക്ടര്‍ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ചികിത്സ പൂര്‍ത്തിയായ ശേഷമായിരിക്കും കസ്റ്റഡിയിലെടുക്കുക എന്നാണ് അറിയുന്നത്. ഇബ്രാഹിം കുഞ്ഞ് ഇന്നലെ രാത്രി മുതല്‍ കൊച്ചിയിലെ ആശുപത്രിയിലാണ്.
രാവിലെ മുതലുള്ള വിജിലന്‍സിന്റെ നീക്കമാണ് ഇപ്പോള്‍ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലേയ്ക്ക് നീങ്ങിയിരിക്കുന്നത്. ആലുവയിലുള്ള എംഎല്‍എയുടെ വീട്ടില്‍ രാവിലെ എത്തിയെങ്കിലും ഭാര്യ മാത്രമാണ് സ്ഥലത്തുള്ളത് എന്ന് അറിയിച്ചതിനാല്‍ വനിതാ പൊലീസിനെ കൊണ്ടുവന്ന് വീട് പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം ആശുപത്രിയിലെത്തിയത്.
ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ ലക്ഷ്യമിട്ടാണ് വിജിലൻസ് സംഘം വീട്ടിലെത്തിയത്. തിരുവനന്തപുരത്തുനിന്നുള്ള വിജിലന്‍സ് സംഘമാണ് ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്. ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ഭാര്യ വിജിലൻസിനെ അറിയിച്ചത്. വനിതാ പൊലീസ് സംഘവും വീട്ടിലെത്തിയിരുന്നു. വീട്ടില്‍ ഭാര്യമാത്രമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വനിതാ പൊലീസിനെ വിജിലന്‍സ് സംഘം വിളിച്ചു വരുത്തിയത്. ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ലെന്നു പറഞ്ഞതു വിശ്വസിക്കാതെ വീടു പരിശോധിക്കാനാണ് വനിതാ പൊലീസിനെ എത്തിച്ചത്.
പാലാരിവട്ടം പാലം നിർമാണത്തിന് മുൻകൂർ പണം നൽകിയത് ആർബിഡിസികെയുടെ അന്നത്തെ എംഡിയുടെ ശുപാർശയിൽ മന്ത്രിയുടെ ഉത്തരവിൻമേലാണെന്ന് പാലം നിർമാണ അഴിമതിക്കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് പ്രതി ചേർത്തത്. ഫെബ്രുവരിയിൽ മൂന്നു വട്ടം വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.