വ്യോമസേനയുടെ എ എൻ -32 വിമാനം കാണാതായി

ഗൗഹാത്തി : അസമിലെ ജോർഹട്ടിൽ വച്ച് വ്യോമസേനയുടെ എ എൻ -32 വിമാനം കാണാതായി. 12.25-നാണ് വിമാനം ജോർഹട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. 1 മണിയോടെ വിമാനത്തിൽ നിന്ന് അവസാനസന്ദേശമെത്തി. പിന്നീട് ഒരു വിവരവും ലഭ്യമായിട്ടില്ല. 8 വ്യോമസേനാ ഉദ്യോഗസ്ഥരും 5 യാത്രക്കാരും അടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിനായി സുഖോയ് ഉൾപ്പടെ ലഭ്യമായ എല്ലാ വിമാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ നടത്തുകയാണ് വ്യോമസേന.

ഒരു മണിക്ക് ഏറ്റവുമൊടുവിൽ സന്ദേ‌ശം ലഭിയ്ക്കുമ്പോൾ അസമിനും അരുണാചൽ പ്രദേശിനും ഇടയിലായിരുന്നു വിമാനമുണ്ടായിരുന്നത്. അരുണാചൽ പ്രദേശിലെ മെച്ചുക എയർഫീൽഡിലേക്ക് പോവുകയായിരുന്നു വിമാനം.

വിമാനത്തിലേക്ക് തുടർച്ചയായി ബന്ധപ്പെടാൻ പിന്നീട് ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. അരമണിക്കൂറോളം വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചത് വിഫലമായതോടെ വ്യോമസേന ഉടനടി തെരച്ചിലിനായി വിമാനങ്ങളെ നിയോഗിച്ചു. അസമിൽ ലഭ്യമായ സുഖോയ് 30 പോർവിമാനങ്ങളും സി – 130 പ്രത്യേക പോർ വിമാനങ്ങളും തെരച്ചിൽ നടത്തുന്ന സംഘത്തിലുണ്ട്.