ഹൈഡ്രജൻ ട്രെയിനുകൾ ഈ വർഷം തന്നെ ,റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായ ഹൈഡ്രജൻ ട്രെയിനുകൾ ഈ വർഷം തന്നെ ഓടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഡിസംബർ മുതൽ ഹൈഡ്രജൻ ട്രെയിനുകൾ ഓടി തുടങ്ങും.
ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്തു നിർമ്മിക്കുന്ന സമ്പൂർണ മെയ്ക്ക് ഇൻ ഇന്ത്യ ട്രെയിനുകളാവും ഇവ. കൽക്ക – ഷിംല പോലെയുള്ള പൈതൃക പാതകളിലൂടെയാവും ഹൈഡ്രജൻ ട്രെയിനുകൾ ആദ്യം സർവ്വീസ് നടത്തുക.
പിന്നീട് ഇവ മറ്റു റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുമെന്നും ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട റെയിൽവേ മന്ത്രി വ്യക്തമാക്കി.ചെന്നൈയിലെ ഇന്റർഗ്രൽ കോച്ച് ഫാക്ടറി കൂടാതെ, ഹരിയാനയിലെ സോനിപത്തിലും മഹാരാഷ്ട്രയിലെ ലാത്തൂരിലും യുപിയിലെ റായ്ബറേലിയിലും വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കും. കൂടുതൽ ട്രെയിനുകൾ എത്തുന്നതോടെ ഇന്ത്യയുടെ എല്ലാ കോണിലേക്കും വന്ദേഭാരത് ട്രെയിനുകളോടിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം യഥാർത്ഥ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വന്ദേഭാരത് ട്രെയിനുകളുടെ ഉത്പാദനം കൂടുതൽ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ന് അവതരിപ്പിച്ച കേന്ദ്രബജറ്റിൽ 2.41 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി അനുവദിച്ചത്. ഇതൊരു വലിയ മാറ്റമാണ്. രാജ്യത്തെ ട്രെയിൻ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനും കൂടുതൽ സൗകര്യങ്ങൾ അനുവദിക്കാനും ഇതിലൂടെ സാധിക്കും. ‘അമൃത് ഭാരത് സ്റ്റേഷൻ’ പദ്ധതി പ്രകാരം 1275 സ്റ്റേഷനുകൾ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.അഹമ്മദാബാദ് – മുംബൈ ‘ബുള്ളറ്റ് ട്രെയിൻ പദ്ധതി’ അതിവേഗം പുരോഗമിക്കുകയാണ്. ഉദ്ധവ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് ബുള്ളറ്റ് പദ്ധതിക്ക് പല അനുമതികളും ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ സ്ഥിതി. സർക്കാർ തലത്തിൽ ലഭിക്കേണ്ട എല്ലാ അനുമതികളും പദ്ധതിക്ക് ലഭിച്ചു കഴിഞ്ഞു – റെയിൽവേ മന്ത്രി ചൂണ്ടിക്കാട്ടി.
ഫ്യൂവൽ സെല്ലുകളിലാണു ട്രെയിൻ പ്രവർത്തിക്കുക. ഇതിനുള്ളിൽ ഹൈഡ്രജനും ഓക്‌സിജനും രാസസംയോജനം നടത്തി വൈദ്യുതി ഉൽപാദിപ്പിക്കും. ഈ വൈദ്യുതിയിലാണു ട്രെയിൻ ഓടുക. പ്രവർത്തനത്തിന്റെ അവശിഷ്ടമായ വെള്ളം നീരാവി രൂപത്തിൽ അന്തരീക്ഷത്തിലേക്കു പുറന്തള്ളും. ആവശ്യത്തിലധികം ഊർജം ഉൽപാദിപ്പിച്ചാൽ അതു ട്രെയിനിലുള്ള പ്രത്യേക ലിഥിയം ബാറ്ററിയിൽ ശേഖരിക്കും.പൂർണമായും ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിൻ ഒട്ടും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കില്ല എന്നതാണു പ്രധാന നേട്ടം.
ഭാവിയിൽ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഇന്ത്യയിൽ തന്നെ ഇത്തരം ട്രെയിനുകൾ നിർമ്മിക്കാനുള്ള കഠിനപ്രയത്‌നത്തിലാണു റെയിൽവേഹൈഡ്രജൻ ട്രെയിൻ അടുത്ത സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിക്കാനാണ് ആലോചിച്ചതെങ്കിലും പൊതുതിരഞ്ഞെടുപ്പിനു മുൻപുള്ള അവസാനത്തെ പൂർണ ബജറ്റിൽ പുതിയ നേട്ടം പ്രഖ്യാപിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.<അതേസമയം, മന്ത്രാലയത്തിന്റെ ആവശ്യത്തിനനുസരിച്ചു വന്ദേഭാരത് കോച്ചുകൾ നിർമ്മിക്കാൻ കഴിയാത്തതു റെയിൽവേയെ വിഷമത്തിലാക്കിയിട്ടുണ്ട്. അടുത്ത ഓഗസ്റ്റ് 15നു മുൻപ് 75 വന്ദേഭാരത് എക്സ്‌പ്രസുകൾ ഓടിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ 7 ട്രെയിനുകൾ മാത്രമാണു പുറത്തിറക്കാനായത്.