
ഗുരുവായൂരിലെ ഹോട്ടൽ ഉടമയ്ക്കെതിരെ കേസ് എടുക്കണം : ഹൈകോടതി.

കൊച്ചി: ഗുരുവായൂരില്‍ തുളസിത്തറയെ അവഹേളിച്ച പാരഡൈസ് ഹോട്ടല്‍ ഉടമ ഹക്കീമിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. ഗുഹ്യരോമം പറിച്ചെടുത്ത് തുളസിത്തറയില്‍ ഇടുന്ന ഹക്കീമിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഈ വീഡിയോ പരിശോധിച്ച ശേഷമായിരുന്നു ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ കേസെടുക്കാന്‍ ഉത്തരവിട്ടത്. ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുക്കാത്ത പൊലീസ് നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു.

തുളസിത്തറയിലേക്കു രോമങ്ങള്‍ പറിച്ചെറിയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ആര്‍. ശ്രീരാജിന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ പരാമര്‍ശങ്ങള്‍. മതവിദ്വേഷം പടര്‍ത്തുന്ന വീഡിയോ പോസ്റ്റ് ചെയ്‌തെന്നാരോപിച്ചെടുത്ത കേസില്‍ കോടതി ശ്രീരാജിനു ജാമ്യം അനുവദിച്ചു.
ശ്രീരാജ് ജാമ്യഹര്‍ജിക്കൊപ്പം പെന്‍ ഡ്രൈവില്‍ നല്കിയ വീഡിയോ കണ്ടു. അതിലുള്‍പ്പെട്ട ഹക്കീം മനോരോഗിയാണെന്നു പ്രഥമദൃഷ്ട്യാ തോന്നുന്നില്ല. ഇയാള്‍ക്കെതിരേ പോലീസ് നടപടിയെടുത്തിട്ടില്ലെന്നു പറയേണ്ടി വരുന്നു. ഹിന്ദുമതത്തെ സംബന്ധിച്ച് തുളസിത്തറ പരിശുദ്ധ സ്ഥലമാണ്. അബ്ദുള്‍ ഹക്കീം സ്വകാര്യ ഭാഗത്തെ രോമങ്ങള്‍ പിഴുതെടുത്ത് തുളസിത്തറയിലെറിയുന്നതാണ് വീഡിയോയില്‍. ഇതു തീര്‍ച്ചയായും ഹിന്ദുവികാരങ്ങളിലുള്ള കടന്നുകയറ്റമാണ്. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തില്ല. മാത്രമല്ല ഇയാള്‍ ഗുരുവായൂര്‍ പരിസരത്തെ ഹോട്ടലുടമയാണ്. ഇത്രയും ഗുരുതരമായ കുറ്റം ചെയ്തയാള്‍ ഇപ്പോഴും അവിടെ ഹോട്ടല്‍ നടത്തുന്നു, ഹോട്ടലുടമയായും ലൈസന്‍സിയായും തുടരുന്നു. അയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുമുണ്ട്. ഒരു കേസുമെടുക്കാതെ ഇത്തരമൊരാളെയാണ് പോലീസ് വെറുതേ വിട്ടിരിക്കുന്നത്. അതേ സമയം, ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത പരാതിക്കാരനെതിരേ കേസെടുത്ത് ജയിലില്‍ അടച്ചു. ഹക്കീമിനെതിരേ പോലീസ് ഉചിതമായ നടപടിയെടുക്കണം. ഇയാള്‍ മനോരോഗിയാണെങ്കില്‍ ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് എങ്ങനെ ഹോട്ടല്‍ നടത്തുന്നെന്ന് അന്വേഷിക്കണം. മനോരോഗിയാണെങ്കില്‍ എങ്ങനെയാണ് ഇയാള്‍ വാഹനമോടിക്കുക. ഇയാളെ വാഹനമോടിക്കാന്‍ എങ്ങനെ അനുവദിച്ചെന്നും അന്വേഷിക്കണം, കോടതി നിര്‍ദേശിച്ചു. പരാതിക്കാരന്‍ (ശ്രീരാജ്) ജാമ്യത്തിനര്‍ഹനാണ്, കോടതി വ്യക്തമാക്കി
