
ഉദയാസ്തമന പൂജ മാറ്റൽ, ഹിന്ദു സംഘടനകൾ വിശദീകരണ യോഗം നടത്തി


ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിൽ നടത്തിവന്നിരുന്ന ഉദയാസ്തമന പൂജ മാറ്റിയതിൽ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ വിശദീകരണയോഗം നടന്നു. ഗുരുവായൂർ പടിഞ്ഞാറേ നടയിൽ നടന്ന വിശദീകരണയോഗം, തൃപ്രയാർ കപിലാശ്രമം മഠാധിപതി സ്വാമി തേജസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ ഏകാദശി ദിവസം ക്ഷേത്രത്തിൽ നടത്തുന്ന ഉദയാസ്തമന പൂജ വേണ്ടെന്ന തീരുമാനം ദേവസ്വം ബോർഡിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സ്വാമി അഭിപ്രായപ്പെട്ടു.
ഇന്ന് നടന്ന വിശദീകരണയോഗം നാളെ പ്രതിഷേധയോഗമാക്കി മാറ്റാതിരിക്കാൻ ഗുരുവായൂർ ദേവസ്വം ഭരണാധികാരികൾക്ക് സൽബുദ്ധി നൽക്കട്ടെയെന്നും സ്വാമി കൂട്ടിച്ചേർത്തു.

ക്ഷേത്ര ആചാരങ്ങളും, അനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഭക്ത ജനങ്ങൾ ഒന്നിച്ചു വരണമെന്നും, ക്ഷേത്ര ചൈതന്യത്തിൽ ലോപം വരുത്തുന്ന ദേവസ്വം നടപടി ദുരപധിഷ്ടിതമാണെന്നും, ദേവസ്വം ഭരണസമിതിയുടെ ക്ഷേത്ര വിരുദ്ധതക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ആർ.വി. ബാബു പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് കെ. സതീഷ്ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ, ശബരിമല അയപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥൻ, ഗുരുവായൂർ താലപ്പൊലി സംഘം പ്രസിഡണ്ട് എൻ. പ്രഭാകരൻ നായർ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ,
ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി പി. വത്സലൻ, വിശ്വഹിന്ദു പരിഷത് ജില്ലാ ജോയിന്റ് സെക്രട്ടറി എം. അനൂപ് എന്നിവർ സംസാരിച്ചു.