കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതിയും

">

കൊച്ചി: സംസ്ഥാന ബി ജെ പി നേതാക്കൾക്ക് കോടതികളിൽ നിന്ന് തിരിച്ചടികളുടെ കാലം , ശോഭ സുരേന്ദ്രന് പിഴയിട്ട ഹൈക്കോടതി കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത് . ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും ഹൈക്കോടതി ചോദിച്ചു.

സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നുവെന്നും ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതേസമയം കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.

സുരേന്ദ്രന്‍റെ പ്രവൃത്തികള്‍ ന്യായീകരിക്കാനാവില്ലെന്നും ഭക്തര്‍ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഒരു സംഘമാളുകള്‍ ശബരിമലയില്‍ കലാപം അഴിച്ച് വിടാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും ഈ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സുരേന്ദ്രന്‍. സുരേന്ദ്രന്‍ സുപ്രീംകോടതി വിധിയെ മാനിച്ചില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയില്‍ ബാക്കി വാദം പൂര്‍ത്തിയാക്കി നാളെ വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചു. സുരേന്ദ്രന്‍റെ പേരില്‍ നിലവില്‍ നിരവധി കേസുകളുണ്ട്. എട്ട് വാറന്‍റുകള്‍ സുരേന്ദ്രന്‍റെ പേരില്‍ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രിമാര്‍ക്കെതിരെയും കേസുകളില്ലേയെന്നും എത്രകാലം സുരേന്ദ്രനെ ജയിലിലിടാന്‍ പറ്റുമെന്നും കോടതി തിരിച്ചു ചോദിച്ചു. എന്നാല്‍ ചിത്തിര ആട്ട വിശേഷത്തിന് സുരേന്ദ്രന്‍റെ പേരില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും ഇതിന്‍റ ആവശ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മുൻപ്‌ ശബരിമലയിലെ പോലീസ് നടപടികൾക്കെതിരെ പൊതു താൽപര്യ ഹർജി നൽകിയ ശോഭ സുരേന്ദ്രന്റെ വക്കീൽ ഒടുവിൽ മാപ്പ് പറഞ്ഞാണ് കോടതിയിൽ നിന്നും തടിയൂരിയത് . കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് 25,000 രൂപ പിഴ യിടുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *

Sponsors