ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്ര അന്വേഷണം വേണം : നടന്‍ ജഗദീഷ്.
തിരുവനന്തപുരം : അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചാലും ഇല്ലെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്ര അന്വേഷണം വേണമെന്ന് താരസംഘടന അമ്മയുടെ വൈസ് പ്രസിഡന്‍റ് കൂടിയായ നടന്‍ ജഗദീഷ്. തൊട്ടുമുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞിരുന്നു. ഇതിനെ തിരുത്തിയ ജഗദീഷ് ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ലെന്നും അഭിപ്രായപ്പെട്ടു.
“അമ്മയുടെ പ്രതികരണം വൈകിയതില്‍ സംഘടനയുടെ വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ കോടതി പറഞ്ഞാലും ഇല്ലെങ്കിലും സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. അതില്‍ നിന്ന് അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. എന്നാല്‍ വിജയിച്ച നടികളോ നടന്മാരോ വഴി വിട്ട പാതയിലൂടെയാണ് വിജയം വരിച്ചതെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. ഈ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. ഹേമ കമ്മിറ്റി തന്ന വിവരമനുസരിച്ചാണ് പറയുന്നത്. അല്ലാതെ എനിക്ക് വ്യക്തിപരമായി നേരത്തേ അറിയാമായിരുന്നു കാര്യങ്ങളല്ല”, ജഗദീഷ് പറഞ്ഞു.
“വാതില്‍ലില്‍ മുട്ടി എന്ന് ഒരു ആര്‍ട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ അന്വേഷിക്കണം. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ശരിയല്ല എന്നാണ് എന്‍റെ പക്ഷം. അമ്മ എന്ന സംഘടനയും വാദിക്കുന്നത് അത് തന്നെയാണ്. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. പല തൊഴിലിടത്തിലും ഇതുപോലെ നടക്കുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അങ്ങനെ ചോദിക്കാന്‍ പാടില്ല എന്ന പക്ഷക്കാരമാണ് ഞാന്‍. അത് ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അത് ഭാവിയില്‍ നടക്കുന്നത് തടയാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് ചോദ്യം”, ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
അതെ സമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് അഭിപ്രായപ്പെട്ടു . കുറ്റം ചെയ്തവര്‍ക്ക് എതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്തുകൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.
“ഒരു വിഷമം തോന്നിയത് മലയാള സിനിമയില്‍ എല്ലാവരും മോശക്കാരാണ് എന്ന് പറയുന്നതിലാണ്. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. മറ്റ് പല മേഖലകളിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അക്കാര്യത്തില്‍ പരാതിപ്പെട്ട് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും ആ തൊഴില്‍ മേഖലയെ ഒന്നാകെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടാകാറില്ല. ഒരു രാഷ്ട്രീയക്കാരന്‍ അഴിമതി നടത്തിയാല്‍ എല്ലാ രാഷ്ട്രീയക്കാരും അങ്ങനെയാണെന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കാറില്ല. അങ്ങനെ ചെയ്തയാളെ കണ്ടെത്തി ശിക്ഷിക്കുകയാണ് ചെയ്യുന്നത്. എവിടെയോ ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നുള്ളൊരു അറിവിന്‍റെ അടിസ്ഥാനത്തില്‍, ഒരു വ്യവസായ മേഖലയെ അല്ലെങ്കില്‍ ജനങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന കുറേ ആളുകളെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള പ്രവണത നല്ലതല്ല. അത് ഞങ്ങള്‍ക്ക് ഒരുപാട് ദുഃഖമുണ്ടാക്കുന്ന കാര്യമാണ്. വളരെ വിഷമത്തോടെയാണ് ഞങ്ങള്‍ അക്കാര്യം അറിയിക്കുന്നത്”, എന്നാണ് സിദ്ദിഖ് പറഞ്ഞത്.
ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. രണ്ട് വർഷം മുമ്പ് റിപ്പോർട്ടിലെ നിര്‍ദേശങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രി സജി ചെറിയാൻ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് ചർച്ചയിൽ അന്ന് പങ്കെടുത്തതെന്നും ഞങ്ങളുടെ നിർദ്ദേശങ്ങൾ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്‍ക്കെതിരായ റിപ്പോർട്ടല്ല. അമ്മയെ ഹേമ കമ്മിറ്റി പ്രതികൂട്ടിൽ നിർത്തിയിട്ടുമില്ലെന്നും സിദ്ദിഖ് പറഞ്ഞു.