കൊച്ചി: വിദേശ ട്രോളറുകളുടെ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിക്കുന്ന കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിലെ ഫിഷറീസ് ഡെവലപ്മെന്റ്ഷ കമ്മീഷണര്‍ ഡോ. പി. പോള്‍ പാണ്ഡ്യന്‍ മേയ് 22ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
വിദേശ ട്രോളറുകളുടെ ആഴക്കടലിലെ മത്സ്യബന്ധനം മൂലമുണ്ടാകുന്ന നഷ്ടം കണക്കാക്കണമെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് കൊല്ലം സ്വദേശി എം.കെ സലിം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. വിദേശ ട്രോളറുകള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ അനിയന്ത്രിതമായി അനുമതി നല്‍കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും ദേശീയ ഏജന്‍സി ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സലിം നല്‍കിയ ഹര്‍ജി ഹൈക്കോടതി നേരത്തേ അനുവദിച്ചിരുന്നു. രാജ്യത്തിന് ഇതിലൂടെയുണ്ടാകുന്ന നഷ്ടം കണക്കാക്കണമെന്നും അനുമതി പത്രം (ലെറ്റര്‍ ഒഫ് പെര്‍മിഷന്‍) നല്‍കുന്നതിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമിതിക്ക് രൂപം നല്‍കണമെന്നുമായിരുന്നു ഹൈക്കോടതി കഴിഞ്ഞ ജൂണില്‍ നിര്‍ദേശിച്ചത്. ആറു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതു പാലിച്ചില്ലെന്നാരോപിച്ചാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്